ജെയ്‌ഷെ മുഹമ്മദ്‌ ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്‌

print edition വിദേശബന്ധവും ; ഭീകര സംഘത്തിന്റെ തുർക്കിയ ബന്ധത്തിലേക്ക് അന്വേഷണം

delhi blast
avatar
എം അഖിൽ

Published on Nov 14, 2025, 03:28 AM | 2 min read


ന്യൂഡൽഹി

​ഡൽഹി ഭീകരാക്രമണത്തിന് പിന്നിലെ അന്താരാഷ്‌ട്രബന്ധങ്ങളിലേക്ക്‌ അന്വേഷണം. ഗൂഢാലോചനയ്‌ക്ക്‌ പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ജെയ്‌ഷെ മുഹമ്മദ്‌, അൽഖായ്‌ദ ബന്ധമുള്ള അൻസാർ ഗസ്‌വത്തുൽ ഹിന്ദ്‌ തുടങ്ങിയ ഭീകരസംഘടനകൾക്ക്‌ വലിയപങ്കുണ്ടെന്നാണ്‌ അന്വേഷകസംഘത്തിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനം നടത്തിയ ​‘വൈറ്റ്‌കോളർ ഭീകരസംഘത്തിന്റെ’ തുർക്കിയ ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.


‘യുകാസ’ എന്ന കോഡുള്ള തുർക്കിയ ഏജന്റാണ്‌ ഫരീദാബാദ്‌ സംഘത്തിനും ഭീകരസംഘടനകൾക്കും ഇടയിലെ കണ്ണിയായി പ്രവർത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഡൽഹിയിൽ സ്‌ഫോടനം നടത്തിയ ചാവേർ ഡോ. ഉമർനബി, ‘യുകാസ’യുമായി അവസാനസമയം വരെ ആശയവിനിമയം നടത്തി. ഫരീദാബാദ്‌ സംഘത്തിലെ ഡോ. ആദിൽ അഹമദ്‌ റാത്തറുടെ സഹോദരൻ ഡോ. മുസഫർ അഹമദ്‌ റാത്തറാണ്‌ തുർക്കി ഏജന്റുമായി ചേർന്ന്‌ ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഉമർ നബി, മുസാമിൽ ഷക്കീൽ, മുസഫർ അഹമ്മദ്‌ റാത്തർ എന്നിവർ 2022ൽ തുർക്കി സന്ദർശിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആഗസ്‌തിൽ ദുബായിലേക്ക്‌ പോയ ഡോ. മുസഫർ അഹമ്മദ്‌ റാത്തർ അഫ്‌ഗാനിസ്ഥാനിലേക്ക്‌ കടന്നതായി സംശയിക്കുന്നു. പുൽവാമ സ്വദേശിയായ ഇയാൾക്കായി റെഡ്‌കോർണർ നോട്ടീസ്‌ പുറപ്പെടുവിക്കാൻ ജമ്മുകശ്‌മീർ പൊലീസ്‌ ഇന്റർപോളിനെ സമീപിച്ചു. അതേസമയം ആരോപണങ്ങള്‍ ഇന്ത്യയിലെ തുര്‍ക്കിയ എംബസി നിഷേധിച്ചു.


ചാവേര്‍ ഉമര്‍ നബി തന്നെ

13 പേരുടെ ജീവനെടുത്ത ഡൽഹി സ്‌ഫോടനത്തിൽ കാറോടിച്ച ഡോ. ഉമർ നബി കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉമർ നബിയുടെ അമ്മയുടെ ഡിഎൻഎ സാന്പിള്‍ പരിശോധനയിലാണ്‌ സ്ഥിരീകരണം.


ഫരീദാബാദ്‌ സംഘം നിരവധി കാറുകൾ വാങ്ങിയിരുന്നെന്നാണ്‌ പുറത്തുവരുന്ന വിവരം. പല കൈ മറിഞ്ഞ പഴഞ്ചൻകാറുകൾ വാങ്ങി അതിൽ ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌ (ഐഇഡി) നിറച്ച്‌ ദേശീയതലസ്ഥാന മേഖലയിൽ ആറ്‌ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായിരുന്നു നീക്കം. ഇ‍ൗ കാറുകളിൽ ഒന്നാണ്‌ ചെങ്കോട്ടയ്‌ക്ക്‌ സമീപം പൊട്ടിത്തെറിച്ചത്‌. ഉമർ നബിയുടെ പേരിലുള്ള ഫോർഡ്‌ എക്കോസ്‌പോർട്ട്‌ കാർ ഹരിയാനയിലെ ഫാംഹ‍ൗസിൽ കണ്ടെത്തിയിരുന്നു. വ്യാഴാഴ്‌ച അൽഫലാഹ്‌ സർവകലാശാലയിൽനിന്ന് ഡോ. ഷഹീൻ സെയ്‌ദിന്റെ ബ്രെസ കാർ കൂടി കസ്റ്റഡിലെടുത്തു. ഇതോടെ മൂന്നുകാറുകൾ അന്വേഷണം സംഘം കണ്ടെത്തി. മറ്റ്‌ കാറുകൾക്കായി അന്വേഷണം തുടരുന്നു.​ഫരീദാബാദ്‌ സംഘത്തിന്‌ സ്‌ഫോടകവസ്തുവായ അമോണിയം നൈട്രേറ്റ്‌ വിറ്റ ഹരിയാനയിലെ നൂഹിലെ കച്ചവടക്കാരനെ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്‌.


ഉമർ പരിഭ്രാന്തിയിലായിരുന്നില്ല ; സിസിടിവി ദൃശ്യങ്ങൾ തെളിവ്‌

ഡൽഹിയിൽ സംഭവിച്ചത്‌ ചാവേർ ആക്രമണമല്ലെന്നും സ്‌-ഫോടകവസ്‌തുക്കൾ ഒളിപ്പിക്കുന്നതിനുള്ള പരിഭ്രാന്തിയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെയും ഇന്റലിജൻസ്‌ ഏജൻസികളുടെയും വ്യാഖ്യാനം പൊളിയുന്നു. സ്‌ഫോടകവസ്‌തുക്കൾ നിറച്ച ഐ20 കാർ ഓടിച്ച ഡോ. ഉമർ നബി അൽപ്പംപോലും പരിഭ്രാന്തിയിലായിരുന്നില്ലെന്ന്‌ സിസിടിവി ദൃശ്യം വ്യക്തമാക്കുന്നു.


ഞായർ രാത്രി വഴിയോരക്കടയിലെ ഭക്ഷണത്തിന്‌ ശേഷം കാറിൽ തന്നെയാണ്‌ ഉമർ ഉറങ്ങിയത്‌. സ്‌ഫോടകവസ്‌തുക്കൾ ഒളിപ്പിച്ചശേഷം രക്ഷപ്പെടാനായിരുന്നു പദ്ധതിയെങ്കിൽ രാത്രി മുഴുവൻ ഉമർ കാറിൽ ചെലവഴിക്കുമായിരുന്നില്ല. തിങ്കൾ രാവിലെ ഫരീദാബാദിൽനിന്ന്‌ സാവധാനത്തിലാണ്‌ കാറുമായി ഉമർ ഡൽഹിക്ക്‌ കടന്നത്‌. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ 11 മണിക്കൂറോളം ചെലവഴിച്ചു. പകൽ വഴിയോരത്തെ ധാബയിൽനിന്ന്‌ ഭക്ഷണം കഴിച്ചു. മയൂർവിഹാറിലും കൊണാട്ട്‌പ്ലേസിലുമെത്തി. ചെങ്കോട്ടയിലേക്കുള്ള യാത്രക്കിടെ രാംലീല മൈതാനത്തിന്‌ സമീപമുള്ള പള്ളിയിൽ കയറി. തുടർന്ന്‌ ചെങ്കോട്ടയ്‌ക്ക്‌ മുന്നിലെ പാർക്കിങ്‌ ഗ്ര‍ൗണ്ടിൽ മൂന്നുമണിക്കൂർ. തുടർന്നാണ്‌ ട്രാഫിക് സിഗ്‌നലിന്‌ സമീപമെത്തി ഉഗ്രസ്‌ഫോടനം നടത്തിയത്‌.


സ്‌ഫോടകവസ്‌തുക്കൾ ഒളിപ്പിക്കാനുള്ള വ്യഗ്രതയിലാണെങ്കിൽ ഫരീദാബാദിൽനിന്ന്‌ ഡൽഹിയിലെ തിരക്കേറിയ പ്രദേശത്തേക്ക്‌ എന്തിന്‌ കാറിലെത്തണമെന്ന ചോദ്യമുയരുന്നു. സിസിടിവികൾ ധാരാളമായുള്ള, അതീവ സുരക്ഷയുള്ള തലസ്ഥാനനഗരത്തിലേക്ക്‌ വളരെ ശാന്തനായി സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാറുമായി എത്തിയത്‌ ബോധപൂർവമെന്ന്‌ വ്യക്തം.


ഡൽഹി സ്‌ഫോടനത്തിന്‌ ദിവസങ്ങൾക്ക്‌ മുമ്പുതന്നെ ഉമറിന്റെ കൂട്ടാളികളെ ജമ്മു കശ്‌മീർ പൊലീസ്‌ പിടികൂടി. ഉമർ രക്ഷപ്പെട്ടെന്ന്‌ മനസ്സിലാക്കി ലുക്ക്‌ഒ‍ൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചു. ഇതിനുശേഷവും ഡൽഹിയിലേക്ക്‌ കടന്ന്‌ സ്‌ഫോടനം നടത്താൻ ഉമറിനായത് ഗുരുതര വീഴ്‌ചയാണ്‌. ഇത്‌ മറച്ചുപിടിക്കാനാണ് അബദ്ധത്തിലുണ്ടായ സ്‌ഫോടനമാണെന്നുമുള്ള കപടസിദ്ധാന്തം ഇന്റലിജൻസ്‌ ഏജൻസികൾ പടച്ചുവിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Home