print edition ഡൽഹിയിൽ പൊലീസ് നരനായാട്ട്

ഡല്‍ഹി സമരത്തിനിടെ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പൊലീസ് വലിച്ചിഴയ്ക്കുന്നു . ഫോട്ടോ: പി വി സുജിത്

എം അഖിൽ
Published on Oct 11, 2026, 02:04 AM | 2 min read
ന്യൂഡൽഹി : ജനാധിപത്യത്തിന്റെ കശാപ്പുകാരനായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കാൻ രാജ്യതലസ്ഥാനത്ത് മോദിസർക്കാരിന്റെ പൊലീസ് രാജ്. സിജെപിയും ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സംയുക്തമായി ശനിയാഴ്ച പ്രഖ്യാപിച്ച ‘ജന്തർമന്തർ 2.0’ പ്രക്ഷോഭം അടിച്ചമർത്താൻ വ്യാപക അറസ്റ്റും തടങ്കലും ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുമായി ഡൽഹി പൊലീസ് തേർവാഴ്ച നടത്തി. ഡൽഹിയിൽ മാത്രം പതിനായിരത്തോളം പേരെ അറസ്റ്റുചെയ്തു. സ്റ്റേഷനുകൾ മതിയാകാതെ വന്നപ്പോൾ ഡൽഹിയിലെ മൂന്നു സ്റ്റേഡിയങ്ങൾ താൽക്കാലിക തടങ്കൽപ്പാളയങ്ങളാക്കി. നഗരത്തിൽ ഇറങ്ങിയവരെയെല്ലാം കസ്‌റ്റഡിയിലെടുക്കുന്ന സ്ഥിതിയായിരുന്നു. സിപിഐ എം നേതാക്കളെ ഇരുന്പുപാളികൾകൊണ്ട് അറകൾ തിരിച്ച ‘ബസ് ജയിലു’കളിലിട്ട് അതിർത്തിയിലെ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചു. ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയ എല്ലാവരെയും തലങ്ങും വിലങ്ങും തല്ലിയും വഴിയിലൂടെ വലിച്ചിഴച്ചുമാണ് പൊലീസ് നേരിട്ടത്. അരലക്ഷത്തോളം പൊലീസ്, അർധസെെനികരെയാണ് ജന്തർമന്തറിലും പരിസരങ്ങളിലും വിന്യസിച്ചത്.
സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവരെയും വലിച്ചിഴച്ചാണ് ബസിൽ കയറ്റിയത്. ജന്തർമന്തറിൽ നിരോധനനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ അറസ്റ്റുചെയ്ത് എട്ടുമണിക്കൂർ കസ്റ്റഡിയിൽവച്ചു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ലോധി എസ്റ്റേറ്റ് വസതിയിൽനിന്ന് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അറസ്റ്റിലായവർക്ക് ഭക്ഷണമോ വെള്ളമോ അവശ്യമരുന്നുകളോ നൽകിയില്ല. പലരെയും രാത്രി വൈകിയും മോചിപ്പിച്ചില്ല. വി ശിവദാസൻ എംപിയുടെ കൈയ്ക്ക് പരിക്കേറ്റു. അറസ്റ്റിലായ ഐസ നേതാവ് നേഹാ ബോറ ഉൾപ്പെടെയുള്ളവരുടെ ഫോൺ പൊലീസുദ്യോഗസ്ഥർ തട്ടിപ്പറിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ ജന്തർമന്തറിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകർക്ക് പൂർണ വിലക്കേർപ്പെടുത്തി.
ബാരിക്കേഡുകൾ വച്ചും വടംകെട്ടിത്തിരിച്ചും പലയിടത്തും മാധ്യമപ്രവർത്തകരെ അകറ്റി. ‘റിപ്പോർട്ടർ’ ചാനലിലെ റോഷിനി രാജനും ഫർസയും സ്‌ക്രോൾ പോർട്ടലിലെ നിരവധി പ്രവർത്തകരും അറസ്റ്റിലായി. ‘ലെഫ്റ്റ്‌വ്യൂസ്’ റിപ്പോർട്ടർ അസർ മൊയ്‌ദീനെ ക്രൂരമായി മർദിച്ചു. വനിതകളോട് ഡൽഹി പൊലീസ് പതിവുപോലെ മോശമായി പെരുമാറി. സ്ത്രീകളെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്ന ബസിൽ കയറിയ പുരുഷ പൊലീസുകാരെ ഐഷി ഘോഷ് ഇറക്കിവിട്ടു. ഇവരുടെ യൂണിഫോമിൽ നെയിംപ്ലേറ്റും ഉണ്ടായിരുന്നില്ല. മിക്കവരും ബോഡികാമറ ഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് കൊണ്ടുപോകാൻ ‘ഇലക്ഷൻ ഡ്യൂട്ടി’ എന്നെഴുതിയ ബസുകളാണ് എത്തിച്ചത്.
മോദി സർക്കാരിന്റെ രൂക്ഷവിമർശകനായ യുട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്‌തു. സുപ്രീംകോടതി നിർദേശത്തിന് വിലനൽകാതെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ആശുപത്രികളിലേക്കുള്ള വാഹനങ്ങൾ വരെ തടഞ്ഞിട്ടു. നടന്നുതളർന്ന വയോജനങ്ങൾ പൊലീസിനെ ചോദ്യംചെയ്‌തു.









0 comments