അന്തരീക്ഷമലിനീകരണം; ഡൽഹിയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശന വിലക്കിൽ വീഴ്ച

ന്യൂഡൽഹി: തലസ്ഥാനത്തെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ബി.എസ്-4 മാനദണ്ഡങ്ങൾ പാലിക്കാത്ത വാണിജ്യ ചരക്ക് വാഹനങ്ങൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചെങ്കിലും അതിർത്തികളിൽ ഈ നിയമം നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച.
നിരോധനം നിലവിൽ വന്ന ശേഷമുള്ള രാത്രിയിൽ അതിർത്തികളിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലൊന്നായ ഗാസിപ്പൂർ അതിർത്തിയിൽ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയുടെയും ഡൽഹി പൊലീസിന്റെയും ടീമുകൾ സജീവമായിരുന്നു.
എന്നാൽ പുലർച്ചെ 1 മണിയോടെ മയൂർ വിഹാർ-നോയിഡ അതിർത്തിയിലെത്തിയപ്പോൾ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരുന്നു. ഇവിടെ യാതൊരുവിധ പരിശോധനയും നടക്കുന്നില്ലായിരുന്നു. ടോൾ ബൂത്തുകൾ തുറന്നിടുകയും എംസിഡി ജീവനക്കാർ ടോൾ പിരിക്കുന്ന തിരക്കിലുമായിരുന്നു.
ഒരു വാഹനം പോലും തടയുകയോ സ്കാൻ ചെയ്യുകയോ ചെയ്തില്ല. നിരോധനത്തെക്കുറിച്ച് അറിയില്ലെന്നും നിയമം ഇതുവരെ നടപ്പാക്കി തുടങ്ങിയിട്ടില്ലെന്നുമാണ് എംസിഡി ജീവനക്കാർ പ്രതികരിച്ചത്. പരിശോധന നടക്കുന്നുണ്ടെന്ന് എംസിഡി. ഉദ്യോഗസ്ഥൻ പറഞ്ഞ ഡൽഹി പൊലീസ് ചെക്ക്‌പോയിൻ്റിൽ ക്യാമറയുമായി എത്തിയ ഉടൻ മാത്രമാണ് പൊലീസുകാർ വാഹനങ്ങൾ തടഞ്ഞ് പരിശോധന തുടങ്ങിയത്.
അതുവരെ വാഹനങ്ങൾ കടന്നുപോവുകയായിരുന്നു. കുറച്ചു മുൻപ് മാത്രമാണ് പരിശോധന തുടങ്ങിയതെന്നാണ് പൊലീസ് നൽകിയ വിശദീകരണം. പരിശോധനയിൽ സംഭവിക്കുന്ന വീഴ്ച തുടരുകയാണെങ്കിൽ മലിനീകരണം നിയന്ത്രിക്കുന്നത് കാര്യക്ഷമമായി പൂർത്തിയാകില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ അഭിപ്രായപ്പെടുമ്പോഴാണ് ഈ അനാസ്ഥ.










0 comments