ad
Deshabhimani

ഡൽഹിയിൽ നിന്ന് കാണാതായ മൂന്നുവയസുകാരനെ ബിഹാറിൽ നിന്ന് കണ്ടെത്തി

Missing Child

Photo: India-today

വെബ് ഡെസ്ക്

Published on Sep 02, 2026, 07:41 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കണാതായ മൂന്നുവയസുകാരനെ ബിഹാറിൽ നിന്ന് കണ്ടെത്തി. ആയിരം കിലോമീറ്റർ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതനായി കണ്ടെത്തിയത്. ഡൽഹിയിലെ ജിജിഎസ് ആശുപത്രിയിൽ നിന്ന് കാണാതായ കുട്ടിയെ ബിഹാറിലെ മും​ഗേറിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് യുവതി അറിയിച്ചതോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


സിസിടിവി ദൃശ്യങ്ങളുടെയും ടെക്നിക്കൽ ടീമിന്റെ സഹായത്തോടെയുമാണ് ഡൽഹിയിൽ നിന്ന് കാണാതായ കുട്ടിയെ ബിഹാറിൽ നിന്നും സുരക്ഷിതനായി കണ്ടെത്തിയത്. ഡൽഹിയിലും ബിഹാറിലുമായി പ്രത്യേക പൊലീസ് സംഘം കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കണ്ടെത്തിയ മൂന്നുവയസുകാരനെ ഡൽഹിയിൽ എത്തിച്ച് കുടുംബത്തിന് കൈമാറുകയും ചെയ്തു. ആ​ഗസ്ത് 27 നാണ് കുട്ടിയെ കാണാതായത്. ആശുപത്രിയിൽ നിൽക്കവെ മരുന്നുവാങ്ങാൻ പോയ തക്കം നോക്കി മകനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുവതി പരാതി നൽകിയിരുന്നു. തുട‌ർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.


ജിജിഎസ് ആശുപത്രിയിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആശുപത്രിയിൽ നിന്ന് ഒരു സ്ത്രീ കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് തന്നെ സ്ത്രീയുടെ നീക്കങ്ങൾ പൊലീസ് പിന്തുടർന്നു. ഇവർ റിക്ഷയിൽ മദിപുർ ​ഗ്രാമത്തിലേയ്ക്ക് പോയതായാണ് കണ്ടെത്തിയത്. തുടർന്നുള്ള സിസിടിവി പരിശോധനയും പ്രാദേശിക രഹസ്യവിവരങ്ങളും ഉപയോഗിച്ച് സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞു.


ഡൽഹിയിലെ മദിപുരിൽ താൽക്കാലികമായാണ് 31 കാരിയായ സ്ത്രീ താമസിച്ചിരുന്നതെന്ന് കണ്ടെത്തി. ഇവരുടെ സ്വദേശം ബിഹാറിലാണെന്നും മനസിലാക്കിയ പൊലീസ് അന്വേഷണം ബിഹാർ കേന്ദ്രീകരിച്ച് നടത്തി. തുടർന്ന് ബിഹാറിലെ മുംഗേർ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് കുട്ടിയെ സുരക്ഷിതനായി കണ്ടെത്തിയത്. തനിക്ക് ആറ് പെൺമക്കളാണുള്ളതെന്നും ഇനിയൊരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും യുവതി മൊഴി നൽകി. സ്വന്തം മകനായി വളർത്തുക എന്ന ലക്ഷ്യം മാത്രമേ തനിക്കൊള്ളൂവെന്നും യുവതി കൂട്ടിച്ചേർത്തു. ശേഷം യുവതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home