print edition ജെഎൻയു വിദ്യാർഥികളെ വേട്ടയാടി ഡൽഹി പൊലീസ്


സ്വന്തം ലേഖകൻ
Published on Oct 20, 2025, 12:26 AM | 1 min read
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ ഭാരവാഹികളുൾപ്പെടെ ആറ് വിദ്യാർഥികൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ക്യാന്പസിൽ വ്യാപക ആക്രമണം നടത്തിയ എബിവിപിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചതിന് പിന്നാലെയാണ് കേസുമെടുത്തത്.
യൂണിയൻ പ്രസിഡന്റ് നിധീഷ് കുമാർ, ജനറൽ സെക്രട്ടറി മുൻതേഹ ഫാത്തിമ, വൈസ് പ്രസിഡന്റ് മനീഷ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എബിവിപി പ്രവർത്തകർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്‌ച വൈകിട്ട് സന്ത്‌കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണ് മാർച്ച് നടത്തിയത്. സർവകലാശാല ഗേറ്റിൽ മാർച്ച് തടഞ്ഞ് പൊലീസ് വിദ്യാർഥികളെ മർദിക്കുകയായിരുന്നു. 28 പേരെ കസ്റ്റഡിയിലെടുക്കയും ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ മുന്നൂറിധികം വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ അർധരാത്രിയോടെ ഇവരെ മോചിപ്പിച്ചു. എന്നാൽ ആറ് പേർക്കെതിരെ കേസെടുത്തു.
ജെഎൻയുവിൽ എബിവിപിയും ഡൽഹി പൊലീസും നടത്തിയ അതിക്രമങ്ങളെ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അപലപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് വിദ്യാർഥികളെ ആക്രമിച്ച എബിവിപിക്കാർ ജാതി അധിക്ഷേപവും നടത്തി. അക്രമികൾക്കെതിരെ എസ്‌സി, എസ്‌ടി (അതിക്രമം തടയൽ) നിയമം ഉൾപ്പെടെ ചേർത്ത് കേസെടുക്കണം. വിദ്യാർഥികളെ മർദിച്ച പൊലീസുകാരെയും സസ്‌പെൻഡ്‌ചെയ്ത് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments