ad
Deshabhimani

എൻആർഐക്കാരെ ലക്ഷ്യമിട്ട് 'ഡിജിറ്റൽ അറസ്റ്റ്'; അന്തർസംസ്ഥാന സൈബർ തട്ടിപ്പ് സംഘം പിടിയിൽ

Digital Arrest.jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 01:02 PM | 1 min read

ന്യൂഡൽഹി: വിദേശമലയാളികളെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വ്യാപകമായ രീതിയിൽ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് നടത്തിവന്ന അന്തർസംസ്ഥാന സംഘത്തെ ഡൽഹി പിടികൂടി. ഒരു പ്രവാസിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് വൻ സൈബർ റാക്കറ്റിലേക്കുള്ള വഴി തുറന്നത്.


ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. ലഹരിമരുന്ന് കടത്തുകയോ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയോ ചെയ്തുവെന്ന് വ്യാജമായി വിശ്വസിപ്പിച്ച് ആളുകളെ വീഡിയോ കോളുകളിലൂടെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.


സിബിഐ, മുംബൈ പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഇരകളെ സമീപിക്കുന്നത്. പരാതിക്കാരനായ എൻആർഐയിൽ നിന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഇവർ നൂറുകണക്കിന് വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.


ഈ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും റിപ്പോർട്ടുണ്ട്. സംഘത്തിലെ പ്രധാനികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, എടിഎം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ പിടിച്ചെടുത്തു.


മറ്റ് സംസ്ഥാനങ്ങളിലും ഈ സംഘം സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ ഭയപ്പെടുത്തി പണം തട്ടുന്നതിനായി ഇവർ പ്രത്യേക രീതിയിൽ പരിശീലനം നേടിയവരാണെന്നും പൊലീസ് അറിയിച്ചു.


അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിയമപരമായി 'ഡിജിറ്റൽ അറസ്റ്റ്' എന്നൊരു സംവിധാനം നിലവിലില്ലെന്നും പൊലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home