ഡൽഹിയിൽ പൊലീസിന്റെ വെടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥൻ ഒളിവിൽ

ഡല്‍ഹി പൊലീസ് Photo; NDTV
ന്യൂഡൽഹി: ഡൽഹി ദ്വാരകയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥനും തൊഴിലാളികളും തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചിതെന്നാണ് വിവരം.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രദേശത്തെ ലേബർ ഉന്നതിയിൽ താമസിക്കുന്ന തൊഴിലാളികൾ ഒത്തുചേർന്നപ്പോൾ ഉണ്ടായ ബഹളമാണ് സംഭവങ്ങൾക്ക് തുടക്കം. ബഹളം കൂടി വന്നതോടെ അടുത്ത് താമസിക്കുന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയും തൊഴിലാളികളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. പിന്നാലെ തർക്കം രൂക്ഷമായി. ഇതിനിടെ ഉദ്യോഗസ്ഥൻ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് തൊഴിലാളികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
രണ്ട് തൊഴിലാളികൾക്കാണ് വെടിയേറ്റത്. ഇതിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലാളി മരണപ്പെട്ടതിന് പിന്നാലെ വെടിയുതിർത്ത ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments