print edition ഡൽഹിയിൽ 310 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

യമുന ബസാറിലെ നിഗംബോധ്ഘട്ടിൽ തനിക്ക് ലഭിച്ച കുടിയൊഴിപ്പിക്കൽ നോട്ടീസുമായി പ്രദേശവാസി
ന്യൂഡൽഹി: യമുനാനദിയുടെ തീരത്തെ ഡൽഹി നിഗം ബോധ് ഘട്ടിലെ 310 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ബിജെപി സർക്കാർ. നിഗം ബോധ് ഘട്ടിലെ യമുനാ ബസാറിൽ താമസിക്കുന്നവർ 15 ദിവസത്തിനുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കത്തയച്ചു.
അനധികൃത കൈയേറ്റം, വെള്ളപ്പൊക്ക സാധ്യത എന്നിവ കണക്കിലെടുത്താണ് നടപടിയെന്നാണ് ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒഴിഞ്ഞുപോയില്ലെങ്കിൽ വീടുകൾ പൊളിച്ചുമാറ്റുമെന്നും അറിയിപ്പിലുണ്ട്.
നോട്ടീസ് ലഭിച്ചതോടെ ബുൾഡോസർ രാജിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. നോട്ടീസ് ലഭിച്ച കുടുംബങ്ങൾ യമുനാ ബസാറിൽ യോഗം ചേർന്നു. നിലവിൽ ഭൂമി അവകാശത്തെ സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് എങ്ങനെ കുടിയൊഴിപ്പിക്കാനാകുമെന്നും ചോദ്യമുയരുന്നു.
സുരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ കനത്ത പ്രളയത്തെത്തുടർന്ന് ആളുകളെ ദുരിതാശ്വാസ കാന്പുകളിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനോ ജനങ്ങളെ പുനഃരധിവസിപ്പിക്കാനോ ഡൽഹി സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചില്ല.











0 comments