ad
Deshabhimani

ശ്വാസം വിടാനാവാതെ ജനം, മലിനീകരണ പ്രശ്നത്തിൽ കണ്ണ് തുറക്കാതെ ഡൽഹി ഭരണകൂടം

delhi
വെബ് ഡെസ്ക്

Published on Dec 13, 2025, 12:57 PM | 2 min read

ന്യൂഡൽഹി: ജീവജാലങ്ങൾക്ക് മുഴുവൻ ഭീഷണിയായി മാറിയ രാജ്യ തലസ്ഥാനത്തെ വായുമലിനീകരണ പ്രശ്നം അതീവ രൂക്ഷമായി തന്നെ തുടരുന്നു. അധികാരികളുടെ താത്കാലിക നടപടികൾ ഒന്നും തന്നെ ലക്ഷ്യം കാണാതെ പോയതോടെ സാധാരണ ജനങ്ങളുടെ ആരോഗ്യവും ജീവനും നിത്യ ഭീഷണിയിൽ തുടരുന്നു.


മിക്ക സ്ഥലങ്ങളിലും വായുഗുണനിലവാര സൂചിക 400 ക ടന്ന് ഗുരുതരമായ അവസ്ഥയിൽ എത്തി നിലനിൽക്കയാണ്. സാധാരണക്കാരും നിത്യവരുമാനക്കാരുമാണ് മലിനീകരണത്തിന്റെ ആദ്യ ഇരകൾ. കാശുള്ളവർ വിലകൂടി എയർ പ്യൂരിഫയറുകൾ സ്ഥാപിച്ച് കൊണ്ട് തത്കാലം ആശ്വാസം നേടുമ്പോൾ ഇതിന് കഴിയാത്തവർ ചുമച്ചും രോഗങ്ങൾക്ക് നേരെ നിസ്സഹായരായും കഴിയുന്നു.


ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജൂണിൽ മലിനീകരണ പ്രശ്നം പരിഹരിക്കും എന്നവകാശപ്പെട്ട് ഒരു ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലുടനീളം 1,000-ലധികം വാട്ടർ സ്പ്രിംഗളറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഹൃസ്വകാല പ്ലാനും മരങ്ങൾ കൂടുതലായി വളർത്തുന്ന ദീർഘകാല പ്ലാനും ഉൾപ്പെടുന്നതായിരുന്നു ഇത്. കൃത്രിമ മഴയുടെ പേരിൽ കോടികൾ പൊടുക്കുകയും ചെയ്തു. എന്നാൽ പ്രയോജനം എവിടെയും ഉണ്ടായില്ല.


അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ, വാഹനങ്ങൾ വഴിയുള്ള ബഹിർഗമനം, ആഘോഷ അവസരങ്ങളിലെ പടക്ക ഉപയോഗം ഇവയിൽ എല്ലാം നിയന്ത്രണ ശ്രമങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഏറ്റവും അധികം മലിനീകരണകരമായ തീ കത്തിക്കൽ നടത്തിയത് ഉത്തർ പ്രദേശാണ് എന്നാണ് കണക്കുകൾ.


മലിനീകരണ സൂചിക കുത്തനെ....


ഡൽഹിയിലെ ആകെ നിരീക്ഷണ കേന്ദ്രങ്ങളിൽ 21 എണ്ണം 'തീവ്ര' വിഭാഗത്തിലാണെന്നും AQI റീഡിംഗുകൾ 400 കടന്നതായും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) കണക്കുകൾ കാണിക്കുന്നു. ശനിയാഴ്ച രാവിലത്തെ കണക്കുകളാണിത്.


സിപിസിബി ഡാറ്റ പ്രകാരം, വസീർപൂരിൽ ഏറ്റവും ഉയർന്ന AQI 445 ആയി രേഖപ്പെടുത്തി. സിപിസിബിയുടെ ഗുണനിലവാര പട്ടിക സാധാരണ പൂജ്യത്തിനും 50 നും ഇടയിലുള്ള ഒരു എക്യുഐ 'നല്ലത്', 51 മുതൽ 100 വരെ 'തൃപ്തികരം', 101 മുതൽ 200 വരെ 'മിതമായത്', 201 മുതൽ 300 വരെ 'മോശം' എന്നിങ്ങനെയാണ്.


ഡൽഹിയിൽ അടുത്തകാലത്ത് മോശം നിലയിൽ നിന്നും മലിനീകരണം താഴേക്ക് പോയിട്ടില്ല. 301 മുതൽ 400 വരെ 'വളരെ മോശം', 401 മുതൽ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് പൊതു ഗുണനിലവാരം കടന്നു നിൽക്കുന്നത്.


വിവേക് വിഹാർ 444, ജഹാംഗിർപുരി 442, ആനന്ദ് വിഹാർ 439, അശോക് വിഹാർ, രോഹിണി എന്നിവിടങ്ങളിൽ 437 വീതം ഗുരതര വിഭാഗത്തിലായി രേഖപ്പെടുത്തി.


നരേലയിൽ 432, തുടർന്ന് പ്രതാപ്ഗഞ്ചിൽ 431, മുണ്ട്കയിൽ 430, ബവാന, ഐടിഒ, നെഹ്‌റു നഗർ എന്നിവിടങ്ങളിൽ 429 വീതം AQI രേഖപ്പെടുത്തി. ചാന്ദ്‌നി ചൗക്കിലും പഞ്ചാബി ബാഗിലും 423 വീതവും സിരി ഫോർട്ടും സോണിയ വിഹാറും 424 വീതവും സൂചിക രേഖപ്പെടുത്തിയതായി സിപിസിബി ഡാറ്റ പറയുന്നു.

 

ബുരാരി ക്രോസിംഗിൽ 414 എക്യുഐ രേഖപ്പെടുത്തിയതായും തുടർന്ന് കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ 409 ഉം നോർത്ത് കാമ്പസിലും ആർകെ പുരത്തും 408 വീതവും ഓഖ്‌ല ഫേസ് 2 ലും 404 എക്യുഐ രേഖപ്പെടുത്തിയതായും കാണിക്കുന്നു


വായുവിന്റെ ഗുണനിലവാരം ശനിയാഴ്ച 'വളരെ മോശം' വിഭാഗത്തിൽ തുടരുമെന്നും ഞായറാഴ്ച സ്ഥിതി 'ഗുരുതര' വിഭാഗത്തിലേക്ക് വഴുതിവീഴുമെന്നും എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം പ്രവചിക്കുന്നു.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home