ശ്വാസം വിട്ട് ഡൽഹി; വായുനിലവാരം മെച്ചപ്പെട്ടു, നിയന്ത്രണങ്ങളിൽ ഇളവ്

ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിൽ (ഡൽഹി-എൻസിആർ) വായുമലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ നീക്കി. വായുനിലവാര സൂചിക മെച്ചപ്പെട്ടതിനെത്തുടർന്ന് ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങളാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് പിൻവലിച്ചത്.
ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹന ഗതാഗതത്തിനും ഏർപ്പെടുത്തിയിരുന്ന വിലക്കുകളിൽ വലിയ ഇളവുകൾ പ്രാബല്യത്തിൽ വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ ശരാശരി വായുനിലവാര സൂചിക 236 ആയി രേഖപ്പെടുത്തി. വ്യാഴാഴ്ച ഇത് 380 ആയിരുന്നു.
വായുനിലവാരം 'അതിശക്തമായ' വിഭാഗത്തിൽ നിന്ന് 'മോശം' വിഭാഗത്തിലേക്ക് മാറിയതോടെയാണ് അടിയന്തര നടപടികൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ വായുനിലവാരം നിരീക്ഷിക്കുന്നത് തുടരുമെന്നും ഒന്ന്, രണ്ട് ഘട്ടങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ നീക്കിയതോടെ ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിലെ നിരത്തുകളിൽ വീണ്ടും ഓടാൻ അനുവാദമുണ്ടാകും. കൂടാതെ, അവശ്യേതര നിർമ്മാണ പ്രവർത്തനങ്ങൾക്കും പൊളിക്കലുകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനവും നീക്കി.
വായുനിലവാരം മോശമായതിനെത്തുടർന്ന് സ്കൂളുകൾക്ക് നൽകിയിരുന്ന ഹൈബ്രിഡ് ക്ലാസ് നിർദ്ദേശവും പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വായുനിലവാരം ഇതേ നിലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ഐഐടിഎമ്മിന്റെയും വിലയിരുത്തൽ.










0 comments