ad
Deshabhimani

ട്രെയിനിൽ ടിക്കറ്റില്ല, വിമാനനിരക്ക് കുത്തനെ ഉയർന്നു; ഓണയാത്ര ദുരിതത്തിൽ ഡൽഹി മലയാളികൾ

delhi train rush

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 02, 2026, 02:07 PM | 2 min read

ന്യൂഡൽഹി: ഓണം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നാട്ടിലേക്കുള്ള യാത്ര ഡൽഹി മലയാളികൾക്ക് വലിയ വെല്ലുവിളിയാകുന്നു. ഓണക്കാലത്ത് ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ചെലവ് കുത്തനെ ഉയർന്നതോടെ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.


കുറഞ്ഞത് 50,000 രൂപയ്ക്ക് മുകളിൽ നാലംഗ കുടുംബത്തിന് ഓണത്തിന് നാട്ടിലെത്തി മടങ്ങാൻ ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. വിമാന നിരക്കുകൾ ഇരട്ടിയിലധികം വർധിച്ചതും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതും യാത്രക്കാർക്ക് വൻ തിരിച്ചടിയായി. ഡൽഹിക്ക് പുറമെ ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന മലയാളികളും സമാനമായ യാത്രാ പ്രതിസന്ധിയാണ് ഈ ഓണക്കാലത്തു നേരിടുന്നത്.


ട്രെയിൻ ടിക്കറ്റിന് കടുത്ത ക്ഷാമം


കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ട്രെയിനുകളിൽ മാസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾ പോലും ഇപ്പോഴും വെയിറ്റിങ് ലിസ്റ്റിലാണ്. മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യത വളരെ കുറവാണ്.


മിലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, യശ്വന്ത്പുര-കൊച്ചുവേളി എക്സ്പ്രസ്, സമ്പർക്കക്രാന്തി എക്സ്പ്രസ്, അമൃത്സർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും ഓണക്കാല യാത്രയ്ക്ക് ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.


വടക്കേ ഇന്ത്യയിലെ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്ലീപ്പർ ക്ലാസ് യാത്ര പോലും ബുദ്ധിമുട്ടേറിയതായിരിക്കുകയാണ്. അതിനാൽ തേഡ് എസി, സെക്കൻഡ് എസി ടിക്കറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്.


സ്പെഷ്യൽ ട്രെയിനുകളിൽ ഡൽഹിക്ക് പരിഗണനയില്ല


ഓണക്കാല തിരക്ക് പരിഹരിക്കാൻ വിവിധ റൂട്ടുകളിലായി 100 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ അനുവദിക്കാത്തത് യാത്രക്കാരെ നിരാശരാക്കി. ഇതോടെ നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന മലയാളി തൊഴിലാളികളും വിദ്യാർഥികളും കുടുംബങ്ങളും കൂടുതൽ ബുദ്ധിമുട്ടിലായി.


വിമാന നിരക്കും കുത്തനെ ഉയർന്നു


ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ വിമാനയാത്രയെ ആശ്രയിക്കേണ്ടി വരുന്നവർക്കും ആശ്വാസമില്ല. ഡൽഹിയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നിലവിൽ 15,000 രൂപയ്ക്ക് മുകളിലാണ്.


തിരിച്ചുള്ള യാത്രയ്ക്കും സമാനമായ തുക ചെലവാക്കേണ്ടിവരും. രണ്ട് കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന നാലംഗ കുടുംബത്തിന് വിമാനത്തിൽ കേരളത്തിലെത്തി മടങ്ങാൻ ഏകദേശം 120,000 രൂപ വരെ ചെലവാകുന്ന സാഹചര്യമാണുള്ളത്. ഓണാഘോഷത്തിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന ഉത്തരേന്ത്യൻ മലയാളികൾക്ക് യാത്രാ ചെലവും ടിക്കറ്റ് ലഭ്യതയും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home