കേരളത്തിന് എയിംസ് ഇല്ല; സംസ്ഥാനത്തിന് മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: കേരളത്തിന്റെ എയിംസ് സ്വപ്നങ്ങൾ അവസാനിക്കുന്നു. എയിംസ് സ്ഥാപിക്കുന്നതിൽ കേരളം മുൻഗണനയില്ലെന്നും ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനാണ് താൽപര്യപ്പെടുന്നതെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളം ആരോഗ്യരംഗത്ത് മികച്ചതാണെന്നും കേന്ദ്രം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലായി 22 എയിംസ് അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കിയതിലെ മാനദണ്ഡം എന്താണെന്ന് കോടതി ചോദിച്ചിരുന്നു
കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്.കോഴിക്കോട് കിനാലൂരിൽ എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും കേന്ദ്രം അനുമതി നൽകാൻ മടിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
കേരളത്തിന് എയിംസ് നൽകുമെന്ന വാഗ്‌ദാനം കേന്ദ്രം വർഷങ്ങളായി ആവർത്തിക്കുന്നതല്ലാതെ നപടികളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഉപരാഷ്ട്രപതി കേരളത്തിന് എയിംസ് എന്ന സ്വപ്‌നം വൈകാതെ സാക്ഷാത്‌കരിക്കുമെന്ന് പറഞ്ഞിരുന്നു. എയിംസ് വാഗ്‌ദാനവുമായി കേ ന്ദ്ര മന്ത്രിമാരായ ബിജെപി നേതാക്കൾ പല അവസരങ്ങളിലും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, കേരളത്തോടുള്ള വിവേചനം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറനയം തുടരുകയാണ്.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് എയിംസ് വരാതിരിക്കാനുള്ള ഇടപെടൽ സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവരും നടത്തുന്നുണ്ട്.








0 comments