എ ഐ ഉച്ചകോടി: ഡൽഹിയിൽ ഹോട്ടൽ വാടക കുതിച്ചുയരുന്നു; ഒരു രാത്രിക്ക് 5 ലക്ഷം രൂപ വരെ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര നിർമ്മിത ബുദ്ധി ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ ആഡംബര ഹോട്ടലുകളിൽ മുറിവാടക കുതിച്ചുയരുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിക്കെത്തുന്ന പ്രതിനിധികളുടെ തിരക്ക് പ്രമാണിച്ച് ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒരു രാത്രിയിലെ വാടക 5 ലക്ഷം രൂപ വരെയായി ഉയർന്നു.
സാധാരണ ഗതിയിൽ 20,000 മുതൽ 40,000 രൂപ വരെ ഈടാക്കാറുള്ള മുറികൾക്കാണ് ഇപ്പോൾ ലക്ഷങ്ങൾ നൽകേണ്ടി വരുന്നത്. പല പ്രമുഖ ഹോട്ടലുകളിലും ഫെബ്രുവരി 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. ലീല പാലസ്, ഐടിസി മൗര്യ, താജ് പാലസ് തുടങ്ങിയ ഹോട്ടലുകളിലെ പ്രീമിയം സ്യൂട്ടുകൾക്കാണ് ഈ വൻ തുക ഈടാക്കുന്നത്.
ചിലയിടങ്ങളിൽ നികുതി അടക്കം വാടക ഇതിലും വർദ്ധിക്കുമെന്നും ട്രാവൽ പോർട്ടലുകൾ സൂചിപ്പിക്കുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നായി മുപ്പത്തയ്യായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, മന്ത്രിമാർ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഒപിഎൻ എഐ തുടങ്ങിയ ആഗോള കമ്പനികളുടെ സിഇഒമാർ എന്നിവർ ഉച്ചകോടിക്കെത്തും.
ഇത്രയധികം വിദേശ പ്രതിനിധികൾ ഒരേസമയം എത്തുന്നതാണ് ഡിമാൻഡ് വർദ്ധിക്കാനും അതുവഴി വാടക കുത്തനെ കൂടാനും കാരണമായത്. ഓൺലൈൻ യാത്രാ പോർട്ടലുകളുടെ കണക്ക് പ്രകാരം ഡൽഹി എൻസിആർ മേഖലയിലെ ഒട്ടുമിക്ക 5 സ്റ്റാർ ഹോട്ടലുകളിലും കുറഞ്ഞ വാടക ഒരു ലക്ഷത്തിന് മുകളിലാണ്. ഉച്ചകോടി പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.










0 comments