ആയുഷ് അലോട്ട്മെന്റ് നടപടികൾ തുടങ്ങി

പി കെ അന്വര് മുട്ടാഞ്ചേരി
Published on Sep 04, 2026, 05:09 PM | 3 min read
ആയുഷ് (ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി), ബിഫാം (ആയുർവേദ ) പ്രോഗ്രാമുകളിലേക്ക് ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എഎസിസിസി) നടത്തുന്ന അഖിലേന്ത്യ അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. നീറ്റ് യുജി 2026ൽ യോഗ്യത നേടിയവർക്ക് aaccc.gov.in/ug-counselling വഴി സെപ്‌തംബർ 13 പകൽ രണ്ടുവരെ ആദ്യ റൗണ്ട് കൗൺസലിങ്ങിനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും സെപ്റ്റംബർ 13 വൈകിട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി അടയ്‌ക്കണം.
പ്രോഗ്രാമുകൾ
ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ്, ബിഫാം ആയുർവേദ എന്നീ പ്രോഗ്രാമുകൾക്കാണ് പ്രവേശനം. സർക്കാർ, സർക്കാർ എയ്ഡഡ് കോളേജുകളിലെ ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലേക്കും സെൻട്രൽ യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൽപ്പിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകളിലേക്കുമാണ് എഎസിസിസി അലോട്ട്മെന്റ് നടത്തുന്നത്. ഗുജറാത്തിലെ ജാം നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ITRA) യിലാണ് ബിഫാം ആയുർവേദ പ്രോഗ്രാമിന് സീറ്റുകളുള്ളത്.
നാല് റൗണ്ടുകൾ
റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്ട്രേ വേക്കൻസി റൗണ്ട് എന്നീ നാല് റൗണ്ടുകളുണ്ടാകും. എല്ലാ റൗണ്ടുകളിലും വ്യവസ്ഥകൾക്ക് വിധേയമായി പുതുതായി രജിസ്റ്റർ ചെയ്ത് ചോയ്സ് നൽകാൻ അവസരമുണ്ടാകും. സെപ്‌തംബർ ഒന്പതുമുതൽ 13 രാത്രി 11:55 വരെയാണ് ഒന്നാം റൗണ്ട് കൗൺസലിങ്ങിനുള്ള ചോയ്സുകൾ നൽകാനുള്ള സമയം.
ഫീസ്
കൽപ്പിത സർവകലാശാലകളിലേക്ക് രജിസ്ട്രേഷൻ ഫീസായി 5000 രൂപയും സെക്യൂരിറ്റി തുകയായി അന്പതിനായിരം രൂപയും അടയ്ക്കണം. എന്നാൽ കൽപ്പിത സർവകലാശാലകളൊഴികെയുള്ള ഓൾ ഇന്ത്യ ക്വോട്ടയടക്കമുള്ള സീറ്റുകളിലേക്ക് രജിസ്ട്രേഷൻ ഫീസ് 1000 രൂപയും (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ മതി ), സെക്യൂരിറ്റി തുക 20,000 രൂപയും അടച്ചാൽ മതി. രണ്ട് വിഭാഗത്തിലെ സീറ്റുകളും ആഗ്രഹിക്കുന്നവർ കൂടിയ തുകയായ രജിസ്ട്രേഷൻ ഫീസ് 5000 രൂപയും സെക്യൂരിറ്റി തുകയായ അന്പതിനായിരവുമാണ് അടക്കേണ്ടത്.
ആദ്യ അലോട്ട്മെന്റ് സെപ്‌തംബർ 16ന്
ഒന്നാം റൗണ്ട് അലോട്ട്മെന്റ് ലിസ്റ്റ് സെപ്‌തംബർ 16ന് പ്രസിദ്ധീകരിക്കും. സെപ്‌തംബർ 17നും 23നുമിടയിൽ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം. പ്രവേശനം നേടാൻ താൽപ്പര്യമില്ലാത്തവർക്ക് അലോട്ട്മെന്റ് വേണ്ടെന്നുവച്ച് രണ്ടാം റൗണ്ട് നടപടികളിൽ പങ്കെടുക്കാം. ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല (ഫ്രീ എക്സിറ്റ് ). രണ്ടാം റൗണ്ട് നടപടികൾ 26 മുതൽ 30 വരെയാണ്. ഒക്ടോബർ രണ്ടിന് അലോട്ട്മെന്റ് ലിസ്റ്റ് വരും. മൂന്നുമുതൽ ഒന്പതുവരെയാണ് പ്രവേശന സമയം. ഒക്ടോബർ 14 നും 20 നുമിടയിൽ മൂന്നാം റൗണ്ട് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടക്കും. അലോട്ട്മെന്റ് ലിസ്റ്റ് 23നും കോളേജ് പ്രവേശനം 24നും 29നുമിടയിലും നടക്കും.
സ്ട്രേ വേക്കൻസി റൗണ്ട്
മൂന്നാം റൗണ്ടിന് ശേഷം ഒഴിവുള്ള സീറ്റുകൾ സ്ട്രേ വേക്കൻസി റൗണ്ട് വഴി നികത്തും. രണ്ട് റൗണ്ടുകളുണ്ടാകും. രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഒന്നാം റൗണ്ടിൽ മാത്രം. മൂന്നാം റൗണ്ട് വരെ രജിസ്റ്റർ ചെയ്യാത്തവർക്കും സ്ട്രേ റൗണ്ടിൽ രജിസ്റ്റർ ചെയ്യാനവസരമുണ്ടാകും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത്, നവംബർ നാലിനും ഒന്പതിനുമിടയിൽ ചോയ്സ് ഫില്ലിങ് നടത്തണം. നവംബർ 12ന് അലോട്ട്മെന്റ് വരും. 13നും 18നുമിടയിൽ കോളേജിൽ പ്രവേശനം നേടണം. രണ്ടാം സ്ട്രേ റൗണ്ടിൽ പുതുതായി രജിസ്റ്റർ ചെയ്യാനോ ചോയിസ് നൽകാനോ സാധ്യമല്ല. ഒന്നാം സ്ട്രേ റൗണ്ടിൽ നൽകിയ ചോയ്‌സുകൾ പരിഗണിച്ച് നവംബർ 24ന് രണ്ടാം സ്ട്രേ റൗണ്ടിന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 25നും 30നുമിടയിൽ കോളേജിൽ പ്രവേശനം നേടണം.
കേരളത്തിലും അവസരം
എഎസിസിസി കൗൺസലിങ് വഴി കേരളത്തിലും ബിഎഎംഎസ്, ബിഎച്ച്എംഎസ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജുകൾ, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ്, കോട്ടക്കൽ വൈദ്യരത്‌നം പിഎസ് വാര്യർ ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ 15 ശതമാനം ബിഎഎംഎസ് സീറ്റുകൾ, അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ മുഴുവൻ ബിഎഎംഎസ് സീറ്റുകൾ എന്നിവ അഖിലേന്ത്യ കൗൺസലിങ് വഴിയാണ് നികത്തുന്നത്.
കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകൾ, ചോറ്റാനിക്കര ഡോക്ടർ പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജ്, നേമം ശ്രീവിദ്യാധിരാജ മെമ്മോറിയൽ ഹോമിയോ കോളേജ്, കുറിച്ചി ആതുരാശ്രമം എൻഎസ്എസ് ഹോമിയോ കോളേജ് എന്നിവിടങ്ങളിലെ 15 ശതമാനം ബിഎച്ച്എം എസ് സീറ്റുകളും അഖിലേന്ത്യ കൗൺസലിങ് വഴിയാണ് നികത്തുക. വിവരങ്ങൾക്ക്: aaccc.gov.in/ug-counselling, ഹെൽപ്‌ലൈൻ: :011-35089100, 9289445610 ഇമെയിൽ : counseling-aaccc. aiia.gov.in










0 comments