ad
Deshabhimani

മദ്യനയ കേസ്; കുരുക്കിയത് കോൺഗ്രസ് എറിഞ്ഞ കയറിൽ, സ്വന്തം കഴുത്ത് മുറുകുമ്പോഴും ഉരുവിടുന്നത് ബിജെപി മന്ത്രം

kejrival
വെബ് ഡെസ്ക്

Published on Feb 28, 2026, 12:37 PM | 4 min read

ൽഹി മദ്യനയകേസ് ആം ആദ്മി പാര്‍ടിയെ ലക്ഷ്യമാക്കി കോൺഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണമായിരുന്നു. അതിന് പിന്നിൽ രാഷ്ട്രീയവും അതല്ലാത്ത കാരണങ്ങളും തുടക്കം മുതൽ തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഡൽഹിയിൽ തുടര്‍ന്നു വന്ന അധികാരത്തിന്റെ പിടി അയയുന്നത് അത്രമാത്രം കോൺഗ്രസ് പാര്‍ടിയെയും നേതാക്കളെയും വിറളിപിടിപ്പിച്ചിരുന്നു.


പക്ഷേ അവസരം മുതലാക്കി ആരോപണത്തെ അഴിമതിയും കേസുമാക്കി ബിജെപി സമര്‍ത്ഥമായി ഉപയോഗിച്ചു. പതിവ് പോലെ ഭരണത്തിലെ പിടിയും അന്വേഷണ ഏജൻസികൾക്ക് മേലുള്ള ആധിപത്യവും ഉപയോഗിച്ച് രണ്ട് പാര്‍ടികളുടെയും അടിത്തറ ഇളക്കി. കോൺഗ്രസ് അടിത്തറയിട്ട് ബിജെപി കെട്ടിപൊക്കിയ കേസാണ് നീതിപീഠം ആദ്യ ഘട്ടം തന്നെ ഒരു തെളിവ് പോലുമില്ലാത്തത് എന്ന് തള്ളിക്കളഞ്ഞത്.


റൗസ് അവന്യു കോടതി വിധി വന്നപ്പോൾ കോൺഗ്രസ് ആദ്യം പ്രതികരിച്ചതും പഴയ വഴിയിലാണ്.പഞ്ചാബിലും ഗുജറാത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ഒത്തു തീര്‍പ്പാണ് സിബിഐ കേസിനെ ദുര്‍ബലപ്പെടുത്തിയത് എന്നായിരുന്നു പ്രതികരണം. വരാനിരിക്കുന്ന തെരഞ്ഞെെടുപ്പുകളിൽ തങ്ങൾക്ക് തിരിച്ചടിയാവുമോ എന്ന കേവല ഭയം മാത്രമാണ് അപ്പോഴും അവര്‍ ഉയര്‍ത്തി പിടിച്ച രാഷ്ട്രീയം.


മൻമോഹൻ സിങ് നയിച്ച രണ്ടാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കുന്നതിൽ എഎപിയുടെ അഴിമതി വിരുദ്ധ സമരങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഡൽഹി സര്‍ക്കാരിനെയും ഇത് കടപുഴക്കി. തീര്‍ത്താൽ തീരാത്ത പകയാണ് തുടരുന്നത്. എഎപി ഉപയോഗിച്ച അതേ അഴിമതിയുടെ ആയുധമാണ് കോൺഗ്രസ് പ്രയോഗിക്കാൻ ശ്രമിച്ചത്. ആരോപണത്തിന്റെ മാത്രം ബലമാണ് ഇതിന് ഉണ്ടായിരുന്നത്. ആയുധം തട്ടിപ്പറിക്കുമ്പോൾ ബിജെപിക്ക് പക്ഷേ ആരോപണത്തിന്റെയും വസ്തുതകളുടെയും അന്തരവും രാഷ്ട്രീയ ധാര്‍മ്മികതയും ഒന്നും തടസ്സമായിരുന്നില്ല. മദ്യ നയകേസ് അവര്‍ ഏറ്റെടുത്തു, വൈരികളെ രണ്ട് പേരെയും നിലത്തടിച്ചു.


കോൺഗ്രസ് സ്വയം കുഴിച്ച കുഴി


2021-22ൽ കെജ്രിവാൾ സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ മദ്യനയത്തിൽ ആദ്യ പരാതി കോൺഗ്രസ് ഉന്നയിച്ചു.ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന ചൗധരി അനിൽ കുമാറാണ് പൊലീസിൽ പരാതി നൽകി. ഇത് തത്സമയം ബിജെപി ഏറ്റെടുത്തു. എന്ത് പറഞ്ഞും അധികാരം തിരികെ പിടിക്കാനുള്ള കോൺഗ്രസിന്റെ തിടുക്കും അവര്‍ ഹൈജാക്ക് ചെയ്തു. ബിജെപി ലോക് സഭാ അംഗം മനോജ് തിവാരി ഡൽഹി ലഫ്.ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിച്ചു. ലഫ്.ഗവര്‍ണര്‍ അവസരം ബന്ധപ്പെട്ടവരെ അറിയിച്ചു. അടുത്ത ദിവസം മദ്യ നയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ലഫ്.ഗവര്‍ണര്‍ വി കെ സക്സേനയുടെ നിര്‍ദ്ദേശം പുറത്തു വന്നു.


മദ്യ വ്യാപാരത്തിൽ കുത്തകവൽക്കരണവും കാർട്ടലൈസേഷനും സാധ്യമാക്കുന്നതിനായി 2021-22 ലെ ഡൽഹി എക്സൈസ് നയം പരിഷ്കരിച്ചുവെന്ന് ആരോപിച്ച് 2022 ജൂലൈ 20 ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഈ നയം സംസ്ഥാന ഖജനാവിന് ഏകദേശം 2,026 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ഏജൻസി അവകാശപ്പെട്ടു. കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾക്ക് ലൈസൻസുകൾ നൽകിയതായും കൈക്കൂലിക്ക് പകരമായി 'സൗത്ത് ഗ്രൂപ്പിന്' അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും ആരോപിക്കപ്പെട്ടു. അന്ന് എക്സൈസ് വകുപ്പ് വഹിച്ചിരുന്ന മനീഷ് സിസോദിയയെ 2023 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തു. അതേ അന്വേഷണവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ പിന്നീട് അറസ്റ്റ് ചെയ്തു.


Related News

അവിട തീര്‍ന്നില്ല. പ്രതിപക്ഷ നേതാക്കളെയും എതിര്‍ പാര്‍ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയും നിശ്ശബ്ദരാക്കാനും മരവിപ്പിച്ച് നിര്‍ത്തി തളര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിച്ച "കേന്ദ്ര ഏജൻസി അന്വേഷണം"പലവഴി വന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്ത് ഇറങ്ങി. രാജ്യത്തെ വടക്ക് കിഴക്ക് എന്ന് വേര്‍തിരിച്ച അപകടകരമായ പ്രയോഗം പോലും ഈ കേസ് കെട്ടിച്ചമയ്ക്കാൻ നാണയപ്പെടുത്തി കൊണ്ടു വന്നു.


മദ്യനയത്തിലെ വ്യവസ്ഥകളിൽ ഇളവുകൾ വര്‍ധിപ്പിക്കാനും ലൈസൻസ് ദീര്‍ഘിപ്പിച്ച് കിട്ടാനും "സൗത്ത് ഗ്രൂപ്പിൽ"നിന്ന് എഎപി നേതാക്കൾ കൈക്കൂലി പണം വാങ്ങി എന്നാണ് സിബിഐ ആരോപിച്ചത്. ഇടപാടിൽ ഉൾപ്പെട്ട പണം വെളുപ്പിക്കാൻ കമ്പനികൾ രൂപീകരിച്ച് ഹവാല ഇടപാട് ഉറപ്പിച്ചെന്ന് ആരോപിച്ച് ഇഡിയും രാഷ്ട്രീയ കൊടുങ്കാറ്റിൽ പതിവ് പോലെ കൂറ് പുലര്‍ത്തി.


ആദര്‍വും രാഷ്ട്രീയവും മറന്ന നഷ്ടങ്ങൾ


ആയിര കണക്കിന് പേജുകൾ ഉള്ളതാണ് കുറ്റപത്രം. ഇതിൽ ആരോപണം തെളിയിക്കുന്ന സാക്ഷി മൊഴികളോ തെളിവുകളോ ഒന്നു പോലുമില്ലെന്നാണ് ഡൽഹി കോടതി ചൂണ്ടി കാണിച്ചത്. കെജ്രിവാളിനെതിരെ മാപ്പുസാക്ഷി മൊഴിയും സിസോദിയയ്ക്ക് എതിരെ കേട്ടുകേൾവിയും ആണ് ഉപയോഗിച്ചിരിക്കന്നത് എന്ന് കോടതി കൃത്യമായും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.


കേന്ദ്ര സര്‍ക്കാര്‍ യാതൊരു നീതീകരണവും ഇല്ലാത്തവിധം തങ്ങളുടെ പരിധിയിലുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിന് മേൽ തേര്‍വാഴ്ച നടത്താനായി കയറൂരി വിടുകയാണ് .ജനാധിപത്യത്തെ ഒറ്റപാര്‍ടി ക്രമത്തിലേക്ക് ചുരുക്കിക്കൊണ്ടിരിക്കുന്നു. അപ്പോഴും ഈ കേസിലെ വിധിയിൽ പഴയ വാദവും നിപലാടും ആവര്‍ത്തിക്കയാണ് കോൺഗ്രസ് ചെയ്തത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മര്‍ദ്ദത്തിൽ സ്വന്തം പാര്‍ടി നേതാക്കളെ ഏറ്റവും അധികം നഷ്ടപ്പെട്ടിട്ടുള്ളത് കോൺഗ്രസിനാണ്. ഇപ്പോഴും ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. അനുദിനം എന്ന വണ്ണം രാജിയും കൂറുമാറ്റവും വാര്‍ത്തകളായി എത്തുന്നു.


കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നതിന് മദ്യനയക്കേസിൽ കോടതി അടിവരയിടുകയാണ് ചെയ്തത്. ഇത് കോൺഗ്രസ് ഒഴികെ മിക്കവാറും എല്ലാ പാര്‍ടികളും ശരിവെക്കുകയും ചെയ്തു. മോദി സര്‍ക്കാരിന്റെ ജനാധിപത്യത്തെ ഞെക്കി കൊല്ലുന്ന നയങ്ങൾക്കെതിരെ ആയുധമായി മാറാവുന്ന വിധിയിലും കോൺഗ്രസ് മാത്രം വഴി മാറി നടക്കുന്നു. അവരുടെ ജീര്‍ണ്ണമായ, ജനാധിപത്യത്തിന് എന്തു സംഭവിച്ചാലും അധികാരം എന്ന വഴിയിൽ തന്നെ തുടരുന്നു.


ഇഡിയാണ് ആദ്യം ആം ആദ്മി പാര്‍ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. യു എൻ സെക്രട്ടറി ജനറലിന്റെ ഓഫീസും ജര്‍മ്മനി പോലുള്ള രാജ്യങ്ങളും എല്ലാം ഇതിനെതിരെ പ്രതികരിച്ചിരുന്നു.അന്നും ബിജെപിക്ക് ഒപ്പം നിന്ന് എതിര്‍ പാര്‍ടികളെ വേട്ടയാടാൻ കൂടുകയായിരുന്നു കോൺഗ്രസ് ചെയ്തത്.


നിയമനടപടികൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഡൽഹി ഹൈക്കോടതിയിൽ വിധി ചോദ്യം ചെയ്യാൻ സിബിഐ തയാറെടുക്കുകയാണ്. കൂടാതെ, ഇതേ എക്സൈസ് നയവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ കേസ് പിന്തുടരുന്നു. സിബിഐ കേസ് അഴിമതിയിലും ഗൂഢാലോചനയിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ്. കുറ്റകൃത്യങ്ങളുടെ വരുമാനത്തിന്റെ ഒഴുക്കാണ് ഇഡി കേസ് കൈകാര്യം ചെയ്യുന്നത്.


എന്നാൽ ഇഡി ഇനി എത്രത്തോളം കേന്ദ്ര സമ്മര്‍ദ്ദം താങ്ങും എന്നത് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫണ്ട്, ക്രമക്കേടുകൾ, അമിത ചെലവ് എന്നിവയിൽ പൊലീസ് സിബിഐ, ഇഡി എന്നിവയ്ക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന് റൗസ് അവന്യു കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കര്യങ്ങൾ പരിശോധിക്കേണ്ടത് എന്നാണ് കോടതി നിരീക്ഷിച്ചത്.


സി.ബി.ഐ അതിന്റെ ഒന്നിലധികം കുറ്റപത്രങ്ങളിൽ പരാമർശിച്ചിരിക്കുന്ന 23 വ്യക്തികളെയും സ്ഥാപനങ്ങളെയും കുറ്റവിമുക്തരാക്കിയ വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ കുൽദീപ് സിംഗ്, നരേന്ദ്ര സിംഗ് എന്നിവരെയും എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി. അവരുടെ ജാമ്യ ബോണ്ടുകൾ ഉടൻ പുറത്തിറക്കാനും ഈ പ്രത്യേക കേസുമായി ബന്ധപ്പെട്ട പിടിച്ചെടുത്ത ഏതെങ്കിലും സ്വകാര്യ സ്വത്തുക്കൾ വിട്ടുകിട്ടാനും കോടതി ഉത്തരവിട്ടു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home