ad
Deshabhimani

print edition ‘മാപ്പുസാക്ഷി’ സൃഷ്‌ടിക്കൽ ഇഡിയുടെ തന്ത്രം

ENFORCEMENT DIRECTORATE
avatar
എം അഖിൽ

Published on Sep 11, 2026, 12:42 AM | 1 min read

ന്യൂഡൽഹി : ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും മാപ്പുസാക്ഷികളെ സൃഷ്‌ടിച്ച്‌ അവരുടെ മൊഴി, വേട്ടയാടാനുള്ള ആയുധമാക്കുന്നത്‌ ഇഡിയുടെ പതിവ്‌ രീതി. ഡൽഹി മദ്യനയക്കേസിൽ മുൻമുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഉൾപ്പടെയുള്ളവർക്കെതിരെ വജ്രായുധം ‘മാപ്പുസാക്ഷി മൊഴി’യായിരുന്നു. മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി എംപി, മകൻ രാഘവ്‌ മാഗുണ്ട, പി ശരത്‌ചന്ദ്ര റെഡ്ഡി, ദിനേശ്‌ അറോറ എന്നിവരെയാണ്‌ മാപ്പുസാക്ഷികളാക്കി കോടതി മുന്പാകെ അവതരിപ്പിച്ചത്‌.


ബിആർഎസ്‌ നേതാവായിരുന്ന കെ കവിത ആംആദ്‌മി പാർടിക്ക്‌ 100 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന്‌ അരവിന്ദ്‌ കെജ്‌രിവാൾ തന്നോട്‌ പറഞ്ഞുവെന്നായിരുന്നു മാഗുണ്ട ശ്രീനിവാസലു റെഡ്ഡിയുടെ മൊഴി. 25 കോടി രൂപ താൻ എഎപിയുടെ പ്രതിനിധികൾക്ക്‌ കൈമാറിയെന്ന്‌ രാഘവ്‌ മാഗുണ്ടയും മൊഴി നൽകി.


രാഘവ്‌ മാഗുണ്ട ആദ്യം നൽകിയ മൊഴികളിൽ കെജ്‌രിവാളിനെതിരെ പരാമർശമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട്‌ കെജ്‌രിവാളിനെതിരെ മൊഴി നൽകി. തൊട്ടുപിന്നാലെ രാഘവിന്റെ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയപ്പോള്‍ ഇഡി എതിർത്തില്ല. ​


2026 ഫെബ്രുവരി 27ന്‌ കെജ്‌രിവാൾ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രത്യേകകോടതി പുറപ്പെടുവിച്ച വിധിയിൽ മാപ്പുസാക്ഷി മൊഴികൾ ആയുധമാക്കി ഇഡി നടത്തിയ വേട്ടയാടലുകളെ നിശിതമായി വിമർശിച്ചു. മാപ്പുസാക്ഷികളായവരുടെ മൊഴി മാത്രം അടിസ്ഥാനത്തിൽ ഇത്രയും വലിയ കേസുകൾ നിര്‍മിച്ചതിന്റെ ഒ‍ൗചിത്യത്തെ പ്രത്യേക കോടതി ജഡ്‌ജി ജിതേന്ദ്ര സിങ്‌ ചോദ്യംചെയ്‌തു. മാപ്പുസാക്ഷികളായി ഇഡി അവതരിപ്പിച്ചവരുടെ മൊഴികൾ കഥകൾ പോലെ തോന്നുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച ജഡ്‌ജി, ‘ഒരു കഥ എത്ര ശക്തവും ആകർഷകവുമാണെങ്കിലും അതിനെ തെളിവുകൾക്ക്‌ പകരം പരിഗണിക്കാനാകില്ല’ എന്നാണ്‌ നിരീക്ഷിച്ചത്‌.


കെജ്‌രിവാളിനെ കുടുക്കാൻ കള്ളമൊഴി നൽകിയ ശ്രീനിവാസുലു റെഡ്ഡിക്ക്‌ ബിജെപിയുടെ പാരിതോഷികം ലഭിച്ചു. 2024ൽ വൈഎസ്‌ആർസിപി വിട്ട റെഡ്ഡി എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയിൽ ചേർന്നു. പിന്നാലെ ഒംഗോളിൽനിന്ന്‌ എംപിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home