‘നിങ്ങൾ ഷോപ്പ് ചെയ്യൂ, ബാഗ് ഞങ്ങൾ ചുമക്കാം’; മണിക്കൂറിന് 149 രൂപയ്ക്ക് ഡൽഹിയിൽ സഹായികൾ റെഡി

image credit: carrymenindia instagram page
ന്യൂഡൽഹി: ഭാരം കൂടിയ ഷോപ്പിംഗ് ബാഗുകളും തൂക്കി തിരക്കേറിയ മാർക്കറ്റുകളിലൂടെ നടന്ന് മടുത്തവർക്കായി ഇതാ ഒരു പുതിയ സ്റ്റാർട്ടപ്പ് കമ്പനി. ‘നിങ്ങൾ ഷോപ്പ് ചെയ്യൂ, ബാഗ് ഞങ്ങൾ ചുമക്കാം’ (You Shop, We Carry) എന്ന ടാഗ്‌ലൈനുമായി ഡൽഹിയിലാണ് 'കാരിമെൻ' (CarryMen) എന്ന വേറിട്ട സേവനം ആരംഭിച്ചിരിക്കുന്നത്.
മണിക്കൂറിന് വെറും 149 രൂപ നൽകിയാൽ ഷോപ്പിംഗ് ബാഗുകൾ ചുമക്കാനും നിങ്ങളെ സഹായിക്കാനും ഒരു സഹായി കൂടെ വരും. ഡൽഹിയിലെ തിരക്കേറിയ വിപണികളിൽ എത്തുന്ന ഉപഭോക്താക്കളുടെ ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രത്യേകിച്ച് പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികളുമായി എത്തുന്നവർക്കും ഈ സേവനം ഏറെ പ്രയോജനകരമാകും.
തിരക്കേറിയ മാർക്കറ്റുകളിലൂടെ ബാഗുകൾ വാങ്ങി നിങ്ങളോടൊപ്പം നടക്കുക, അവ പാർക്കിംഗ് ഏരിയയിലോ മെട്രോ ഗേറ്റിലോ എത്തിക്കുക, ഭക്ഷണശാലകളിലെ നീണ്ട ക്യൂകളിൽ നിങ്ങൾക്ക് പകരം നിൽക്കുക, നടന്നു തളരുമ്പോൾ വിശ്രമിക്കാൻ മടക്കാവുന്ന പോർട്ടബിൾ കസേരകൾ നിവർത്തി നൽകുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സഹായികൾ ചെയ്യും.
ലജ്പത് നഗർ, സരോജിനി നഗർ, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ ഡൽഹിയിലെ പ്രശസ്തമായ പരമ്പരാഗത മാർക്കറ്റുകളിൽ ഷോപ്പിംഗിന് എത്തുന്നവർ നേരിടുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നാണ് സ്ഥാപകർക്ക് ഇങ്ങനെയൊരു ആശയം തോന്നിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.
മാർക്കറ്റിൽ ക്യാരിമെൻ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയെത്തി നേരിട്ടും വാട്സാപ്പിലൂടെയും സേവനങ്ങൾ ബുക്ക് ചെയ്യാം. ഓരോ ബൂത്തിലും പ്രത്യേകം പരിശീലനം നേടിയ ക്യാരിമെൻ അസിസ്റ്റന്റ്സ് ഉണ്ടാകും. നിലവിൽ ലജ്പത് നഗർ മാർക്കറ്റിൽ മാത്രമാണു സർവീസുള്ളത്. അടുത്തുതന്നെ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ്, കൊണാട്ട്പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെന്നൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
പുത്തൻ ബിസിനസ് ആശയത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. പലരും ഈ ആശയത്തെ സ്വാഗതം ചെയ്തപ്പോൾ ചില രസകരമായ കമന്റുകളും ട്രോളുകളും വരുന്നുണ്ട്. "ഇതൊരു മികച്ച സേവനമാണ്, പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് വലിയ അനുഗ്രഹമാകും. ഒരു മണിക്കൂറിന് 149 രൂപ എന്നത് വലിയ തുകയല്ലെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാൽ, ഈ സേവനത്തെ തമാശയോടെ സമീപിച്ചവരുമുണ്ട്. "എന്റെ സഹോദരൻ ഈ ജോലി എനിക്ക് വേണ്ടി പൈസയൊന്നും വാങ്ങാതെ സൗജന്യമായി ചെയ്തു തരും" എന്നാണ് ഒരാൾ കുറിച്ചത്. ആളുകൾ ഇപ്പോൾ കൂടുതൽ സുഖ സൗകര്യങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെന്നും, അധ്വാനമില്ലാതെ കാര്യങ്ങൾ നടക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇത്തരം കമ്പനികൾ ഉണ്ടാകുന്നതെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.











0 comments