ഡൽഹി ഹോട്ടൽ ദുരന്തം: 6 മുറികൾക്ക് അനുമതിയുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചത് 25 മുറികൾ

ന്യൂഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ ദക്ഷിണ ഡൽഹിയിലെ ഹോട്ടൽ തീപിടിത്തത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാവീഴ്ചകളും നിയമലംഘനങ്ങളുമെന്ന് റിപ്പോർട്ട്. ഡൽഹി സർക്കാരിന്റെ 'ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' (B&B) പദ്ധതി പ്രകാരം വെറും 6 മുറികൾ മാത്രം പ്രവർത്തിപ്പിക്കാൻ അനുമതിയുള്ള കെട്ടിടത്തിൽ, ബേസ്‌മെന്റ് ഉൾപ്പെടെ 25 മുറികളാണ് പ്രവർത്തിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ 8.50-ഓടെ ദക്ഷിണ ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലുള്ള 'ലെമൺ ഗ്രീൻ' റസ്റ്റോറന്റും ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസിന്റെ 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പൂർണ്ണമായും അണച്ചത്.
25 മുറികളിലായി നിരവധി ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിന് ആകെയുണ്ടായിരുന്നത് ഒരു പ്രവേശന-കവാടം മാത്രമാണ്. തീപിടിത്തമുണ്ടായ സമയത്ത് ആളുകൾക്ക് പുറത്തേക്ക് രക്ഷപ്പെടാൻ മറ്റ് സൗകര്യങ്ങളൊന്നുമില്ലാതിരുന്നതാണ് മരണസംഖ്യ ഉയരാൻ പ്രധാന കാരണം. ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
അപകടസമയത്ത് നാൽപ്പതോളം അതിഥികൾ ഹോട്ടലിൽ ഉണ്ടായിരുന്നു. മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ അഗ്നിശമന സേനാംഗങ്ങൾ ആദ്യം തന്നെ രക്ഷപെടുത്തിയിരുന്നു. ഇവരെ ഉടനടി സിഎടിഎസ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി.
തുടർച്ചയായ പൊട്ടിത്തെറി ശബ്ദങ്ങൾ കേട്ടതോടെയാണ് പ്രദേശം ഒന്നടങ്കം പരിഭ്രാന്തിയിലായതെന്ന് നാട്ടുകാർ പറയുന്നു. കെട്ടിടത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതോടെ അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ പ്രദേശവാസികൾ കൂട്ടത്തോടെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് വരാൻ നാട്ടുകാർ കല്ലെറിഞ്ഞ് ജനൽച്ചില്ലുകൾ തല്ലിത്തകർത്തു.
ജീവൻ രക്ഷിക്കാനായി ആളുകൾ മുകളിൽ നിന്നും താഴേക്ക് ചാടാൻ തുടങ്ങിയതോടെ നാട്ടുകാർ വീടുകളിൽ നിന്നും ബ്ലാങ്കറ്റുകളും ബെഡ്ഡുകളും മെത്തകളും എത്തിച്ച് താഴെ വിരിക്കുകയായിരുന്നു. ഒരു സ്ത്രീ തന്റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി. നാട്ടുകാർ താഴെ വിരിച്ച മെത്തയിലേക്കാണ് ഇവർ വീണത്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സമീപത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരും വിനോദസഞ്ചാരികളുമായ നിരവധി വിദേശികളാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മധ്യേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.










0 comments