ഇന്ത്യാവിരുദ്ധ പരാമര്‍ശം:സിംഗപ്പൂരിൽ വംശീയതയും വിദ്വേഷവും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ്

സിംഗപ്പൂരിൽ വിദ്വേഷവും വംശീയതയും ഒരു സാഹചര്യത്തിലും അനുവദിക്കയില്ലെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ്. നേപ്പാൾ തിബറ്റ് പ്രളയ ദുരന്തവുമായും സിംഗപ്പൂര്‍ എയര്‍ലൈൻസ് എയര്‍ ഇന്ത്യ സഹകരണവുമായി ബന്ധപ്പെട്ടും പുറത്തു വന്ന വിദ്വേഷ കമന്റുകളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ആരോഗ്യകരമായ സംവാദങ്ങൾ സ്വാഗതാര്‍ഹമാണ്. എന്നാൽ ഒരു സമുദായത്തിനെതിരെയും രാജ്യത്തിനെതിരെയും വിദ്വേഷവും വിവേചനവും സ്വാഭാവികവൽക്കരിക്കപ്പെടാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി വോങ് പറഞ്ഞു.
വിദ്വേഷ പ്രചരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി കെ ഷൺമുഖം പറഞ്ഞു. നേപ്പാൾ-തിബറ്റ് ദുരന്തത്തിൽ കാണാതായ സിംഗപ്പൂർ സ്വദേശികൾക്കെതിരെയും, സിംഗപ്പൂർ എയർലൈൻസിന്റെ എയർ ഇന്ത്യയിലെ നിക്ഷേപങ്ങളെ വിമർശിച്ചുകൊണ്ടും അധിക്ഷേപങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.
ദുരത്തിന് ഇരയായ സിംഗപ്പൂര്‍ സ്വദേശികൾ ഇന്ത്യക്കാര്‍ തന്നെയാണെന്നായിരുന്നു ഒരു പരാമര്‍ശം. എയര്‍ ഇന്ത്യയുമായി സഹകരണത്തിലുള്ള സിംഗപ്പൂര്‍ സര്‍ക്കാരിന്റെ തമാസെക് കമ്പനിയുടെ സി ഇ ഒ ദിൽഹാൻ പിള്ള ഇന്ത്യൻ വംശജനാണ്. ഇതും കരാറിനെതിരെ ഉയര്‍ത്തി കാട്ടി. ഇതോടെയാണ് വിദ്വേഷത്തിനെതിരെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പും പ്രതികരണവും പുറത്തു വിട്ടത്.
സിംഗപ്പൂര്‍ ജനസംഖ്യയുടെ 75 ശതമാനം ചൈനക്കാരും 15 ശതമാനം മലേഷ്യക്കാരും ഒമ്പത് ശതമാനം ഇന്ത്യക്കാരുമാണ്. വിദേശ തൊഴിലാളികളെയും വിദഗ്ധരെയും ഏറ്റവും ആധികം സ്വാഗതം ചെയ്യുന്ന രാജ്യമാണ്. അതേ സമയം സാംസ്കാരിക വൈവിധ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.









0 comments