print edition ഡൽഹിയിൽ വൻ തീപിടിത്തം; 21 മരണം

മാളവ്യ നഗറിലെ തീപിടിത്തമുണ്ടായ ഹോട്ടലിൽനിന്ന് വിദേശവനിതയെ രക്ഷിക്കുന്നു
ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മരിച്ചവരിൽ 18 പേർ വിദേശികളാണെന്നാണ് റിപ്പോർട്ടുകൾ. നിരവധിയാളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. 37 പേരെ രക്ഷപ്പെടുത്തി. ബുധൻ രാവിലെ 8.50ഓടെ ഫ്ലറിഷ് സ്റ്റേ ഹോട്ടൽ പ്രവർത്തിക്കുന്ന അഞ്ചുനിലക്കെട്ടിടത്തിലാണ് തീപടർന്നത്.
അപകടകാരണം വ്യക്തമല്ല, അടുക്കളയിലെ ബേസ്‌മെന്റിൽനിന്ന് തീപടർന്നതെന്നാണ് പ്രാഥമികവിലയിരുത്തൽ. തൊട്ടടുത്ത ഹോട്ടലിലേക്കും തീപടർന്നു. അഗ്‌നിശമനസേനയുടെ 17 യൂണിറ്റും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തമുണ്ടായപ്പോൾ പലരും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. ഒരുവാതിൽ മാത്രമുള്ള ഹോട്ടലിന് താഴെ തീപടർന്നതോടെ പലരും അകത്ത് കുടുങ്ങി. മുകൾനിലകളിലെ ചില്ലുകൾ തകർത്ത് എടുത്തുചാടിയാണ് പലരും രക്ഷപ്പെട്ടത്.
പ്രദേശവാസികൾ നിലത്ത് കിടക്കകൾ ഇട്ടുകൊടുത്തു. ഇങ്ങനെ രക്ഷപ്പെടുന്നതിനിടയിലും നിരവധിപേർക്ക് പരിക്കേറ്റു. ഹോട്ടലിന്റെ ബേസ്‌മെന്റിലുൾപ്പെടെ ആളുകളെ പാർപ്പിച്ചിരുന്നു. സമീപത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയവരാണ് ഹോട്ടലിലുണ്ടായിരുന്നവരിൽ ഏറെവും. ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് പൗരന്മാരാണ് അപകടത്തിൽപ്പെട്ടവർ.
ഹോട്ടൽ നടത്തിപ്പിൽ ഗുരുതര അനാസ്ഥ ഉണ്ടായിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഡൽഹി സർക്കാർ അനുവദിച്ച ലൈസൻസ് പ്രകാരം ആറ് മുറികൾക്കാണ് അനുമതി. എന്നാൽ 25 മുറികൾ ഇവിടെയുണ്ടായിരുന്നു.
കെട്ടിടത്തിന് അഗ്നിശമനസേനയുടെ എൻഒസി ഇല്ലെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലുടമ ലവ്‌കേഷ് ബജാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ഒളിവിൽപോയ ഇയാളെ പൊലീസ് പിടികൂടി.










0 comments