print edition സ്വകാര്യ പരാതിയിൽ അന്വേഷണം ഏത് ചട്ടപ്രകാരം; ഇഡിയോട് കോടതി


സ്വന്തം ലേഖകൻ
Published on Nov 04, 2026, 12:01 AM | 1 min read
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവർക്കെതിരായ കുറ്റപത്രം നിരസിച്ച വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഇഡിയെ കുടഞ്ഞ് ഡൽഹി ഹൈക്കോടതി. സ്വകാര്യവ്യക്തിയുടെ പരാതിയിൽ കള്ളപ്പണ നിരോധന നിയമപ്രകാരം ഏജൻസി അന്വേഷണം നടത്തുന്നത് ഏത് ചട്ടപ്രകാരമാണെന്ന് ജസ്‌റ്റിസ് സച്ചിൻ ദത്ത ചോദിച്ചു. എവിടെനിന്നാണ് നിങ്ങൾക്ക് ഇങ്ങനൊരു വാദം ലഭിച്ചതെന്നും ആരാഞ്ഞു.
സ്വകാര്യ പരാതിയിലൂടെ ഉന്നയിക്കപ്പെടുന്ന ഗുരുതര കുറ്റങ്ങളിൽ ഏജൻസിക്ക് അന്വേഷണം നടത്താനാകുമെന്ന് അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചപ്പോഴാണ് വിമർശം. സ്വകാര്യപരാതിയിൽ നൽകിയ കുറ്റപത്രം മജിസ്‌ട്രേറ്റ് അംഗീകരിച്ചോ ഇല്ലയോ എന്നറിയുംമുന്പേ ഏജൻസിക്ക് അന്വേഷണം നടത്താനാകില്ല. സ്വകാര്യ പരാതിയാണോ ഡൽഹി പൊലീസിന്റെ എഫ്‌ഐആർ ആണോ അന്വേഷണത്തിന്റെ അടിസ്ഥാനമായി കാണുന്നത്. സ്വകാര്യ പരാതി മാത്രം മതിയെങ്കിൽ എഫ്ഐആറിനെ എന്തിന് അടിസ്ഥാനമാക്കുന്നുവെന്നും വിചാരണക്കോടതിയിൽ ഏജൻസി ഇക്കാര്യം ഉന്നയിച്ചില്ലെന്നും ജസ്‌റ്റിസ് ദത്ത പറഞ്ഞു. ദീപാവലി അവധിക്കുശേഷം പ്രതിഭാഗത്തിന്റെ ഭാഗം കേൾക്കും. ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി മജിസ്‌ട്രേറ്റിന് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഇഡി കുറ്റപത്രം മജിസ്‌ട്രേറ്റ് തള്ളിയതിനെതിരെയാണ് ഇഡിയുടെ അപ്പീൽ.









0 comments