വീട്ടിൽ കോടികളുടെ നോട്ട് കെട്ടുകൾ: ജസ്റ്റീസ് യശ്വന്ത് വർമ്മയുടെ പേരിൽ നേരത്തെയും കേസ്

ന്യൂഡല്‍ഹി: വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പേരിൽ നേരത്തെയും കേസ് ഉണ്ടായിരുന്നു. 2018 ൽ സി ബി ഐ റജിസ്റ്റർ ചെയ്ത കേസിൽ എന്ത് കാരണത്താലാണ് ഇദ്ദേഹത്തിന് സംരക്ഷണം ലഭിച്ചത് എന്നത് വ്യക്തമല്ല. ഈ കേസ് പുനരന്വേഷണത്തിന് ഉത്തരവ് ഉണ്ടായി എങ്കിലും സ്റ്റേ ചെയ്യപ്പെടുകയായിരുന്നു.
ഇത്തവണ ഹോളി ആഘോഷം നടക്കുന്ന ദിവസമാണ് ജസ്റ്റീസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായി എങ്കിലും ഡൽഹി ഫയർ സർവ്വീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. മാത്രമല്ല അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു.
2018-ല്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിൽ പത്താം പ്രതിയായിരുന്നു യശ്വന്ത് വർമ്മ. സിംഭൊലി ഷുഗേഴ്‌സ്(Simbhaoli Sugars) എന്ന സ്ഥാപനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണ്ഇത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് സിംഭൊലി ഷുഗേഴ്‌സിനെതിരേ എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്‌സിന്റെ നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറായാണ് യശ്വന്ത് വര്‍മ്മ പ്രവർത്തിച്ചിരുന്നത്. 2014 കാലഘട്ടത്തിലായിരുന്നു ഇത്.
എന്തായിരുന്നു ആ കേസ്
2012 ജനുവരി മുതൽ മാർച്ച് വരെ ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ഹാപുർ ശാഖയിൽനിന്ന് 5,762 കർഷകർക്കായി അനുവദിച്ച തുകയാണ് വെട്ടിച്ചത്. വളവും വിത്തുകളും വാങ്ങാൻ കർഷകരെ സഹായിക്കാനായി 148.59 കോടി രൂപയാണു വിതരണം ചെയ്തത്.. ഈ പണം കർഷകരുടെ വ്യക്തിഗത അക്കൗണ്ടിൽ എത്തുന്നതിനു മുൻപ് ഒരു എസ്ക്രോ അക്കൗണ്ടിൽ സൂക്ഷിക്കും എന്നായിരുന്നു കരാർ. സിംഭാവോലി ഷുഗർ മിൽസ് ആണ് ഈ ഉത്തരവാദിത്തം ഏറ്റത്.
സിംഭാവോലി ഷുഗർ മിൽസ് വ്യാജ കെവൈസി രേഖകൾ സമർപ്പിച്ച് പണം കൈക്കലാക്കി. 2015 മാർച്ചിൽ ഈ തട്ടിപ്പ് ബാങ്ക് ശരിവെച്ചു. ആകെയുള്ള 109.08 കോടിയിൽ 97.85 കോടിയും ഇങ്ങനെ വകമാറിപ്പോയി. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മരുമകനായ ഗുർപാൽ സിങ് ആയിരുന്നു പഞ്ചസാര കമ്പനിയുടെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ. കള്ളപ്പണം വെളുപ്പിച്ച കേസ് കൂടി ഉൾപ്പെട്ടതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി.
സിംഭൊലി ഷുഗേഴ്‌സ് രേഖകളിൽ കൃതിമം കാണിച്ചു. കർഷകർക്ക് ഒരു സഹായവും നൽകിയില്ല. വഞ്ചനാപരമായ സമീപനം സ്വീകരിച്ചുവെന്ന് കാണിച്ച് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് അന്ന് പരാതി നൽകി. ഇതു പ്രകാരമാണ് 2018-ല്‍ സിംഭൊലി ഷുഗേഴ്‌സ് എന്ന സ്ഥാപനത്തിനെതിരേ സി.ബി.ഐ. ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് പിന്നീട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. കേസ് വീണ്ടും കോടതി കയറി. 2023ൽ അലഹാബാദ് ഹൈക്കോടതി കേസിൽ അന്വേഷണ ഉത്തരവ് നൽകി. ഒബിസി ബാങ്ക് മാത്രമാണു പരാതിയുമായി രംഗത്തുവന്നത്. മറ്റ് ഏഴ് ബാങ്കുകൾ കമ്പനിയുമായി ഒത്തുതീർപ്പിലെത്തി. 2024 ഫെബ്രുവരിയിലാണ് സിബിഐ പുതിയ അന്വേഷണം തുടങ്ങിയത്. അതേവർഷം മാർച്ചിൽ സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
സിംഭൊലി ഷുഗേഴ്‌സിന് വായ്പ അനുവദിക്കാനുള്ള എസ്ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനത്തെക്കുറിച്ച് കൂടി സി.ബി.ഐ. അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നതുമാണ്.
ചവറ്റ് കൊട്ടയല്ല ഇവിടം
ഡൽഹിയിലെ വീട്ടിൽ നിന്നും നോട്ട് കെട്ടുകൾ കണ്ടെത്തിയപ്പോൾ ജസ്റ്റീസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തത്. ഇതിനെതിരെ അഭിഭാഷകരുടെ സംഘടന ശക്തമായി രംഗത്ത് എത്തി. ചവറ്റ് കൊട്ടയല്ല ഇവിടം എന്നാണ് അലഹബാദ് ഘടകം പ്രതികരിച്ചത്. എന്നാൽ ഇങ്ങനെ സ്ഥലം മാറ്റ തീരുമാനം ഉണ്ടായിട്ടില്ല എന്ന് പിന്നീട് വിശദീകരണം വന്നു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇപ്പോൾ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. കോളീജിയം ഐകകണ്ഠ്യേന അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ സ്റ്റാന്റിങ് കൌൺസൽ ആയിരുന്ന ജസ്റ്റീസ് യശ്വന്ത് വർമ്മ. കോർപ്പറേറ്റ് നിയമങ്ങളിലും വ്യവസായ നിയമങ്ങളിലും നികുതി നിയമങ്ങളിലുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രാക്ടീസിലെ ഊന്നൽ. 2014 ലാണ് അലഹബാദ് ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി പ്രവേശനം നേടുന്നത്. രണ്ട് വർഷത്തിനകം അദ്ദേഹം സ്ഥിര നിയമനം സ്വന്തമാക്കി. 2021 ഒക്ടോബറിലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്. പദവിയിൽ മൂന്നാമത്തെയാളാണ് ഇപ്പോൾ.








0 comments