കടുത്ത മൂടൽമഞ്ഞ്: 40 ഓളം വിമാനങ്ങൾ വൈകി; ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കടുത്ത മൂടൽമഞ്ഞും തണുപ്പും. വ്യാഴാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം താറുമാറായി.
കുറഞ്ഞത് 40 വിമാനങ്ങൾ വൈകിയതായാണ് റിപ്പോർട്ട്. പത്തോളം വിമാനങ്ങൾ റദ്ദാക്കി. വിമാനങ്ങൾക്ക് പുറമെ റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കും തിരിച്ചുമുള്ള 22-ലധികം ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
കാഴ്ചപരിധി പലയിടത്തും പൂജ്യത്തിലേക്ക് താഴ്ന്നത് റോഡ് ഗതാഗതത്തെയും താറുമാറാക്കി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് യാത്രക്കാർ വിമാനത്താവളത്തിലേക്കോ റെയിൽവേ സ്റ്റേഷനിലേക്കോ തിരിക്കുന്നതിന് മുൻപ് കൃത്യമായ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞിനൊപ്പം ഡൽഹിയിലെ വായുമലിനീകരണവും അതീവ ഗുരുതരമായി തുടരുകയാണ്.
എയർ ക്വാളിറ്റി ഇൻഡക്സ് പലയിടങ്ങളിലും 400-ന് മുകളിലാണ്. കടുത്ത മൂടൽമഞ്ഞ് അടുത്ത ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments