ഡൽഹിയിൽ എഎപിയെ വീഴ്‌ത്തി ബിജെപി; മതിമറന്ന് കോൺഗ്രസ്

ന്യൂഡൽഹി: മൂന്ന് ദശകത്തോളം നീണ്ട ഇടവേളയ്‌ക്കുശേഷം തീവ്രവർഗീയ പാർടിയായ ബിജെപി ഡൽഹിയിൽ അധികാരം പിടിച്ചതിലുള്ള ആഹ്ലാദം തുറന്നുപ്രകടമാക്കി കോൺഗ്രസ്. തുടർച്ചയായി മൂന്നാം തെരഞ്ഞെടുപ്പിലും പൂജ്യത്തിൽ ഒടുങ്ങിയെങ്കിലും ആംആദ്‌മി പാർടിക്ക് അധികാരം നഷ്ടമായതാണ് കോൺഗ്രസിനെ സന്തോഷിപ്പിക്കുന്നത്. പ്രതിപക്ഷ ഐക്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായിരുന്നു.
എന്നാൽ, ഹരിയാനയിലും മഹാരാഷ്ട്രയിലും ഇപ്പോൾ ഡൽഹിയിലും ബിജെപി അധികാരം പിടിച്ചതിന്റെ ആകുലത കോൺഗ്രസ് നേതൃത്വത്തിനില്ല.
വഞ്ചനയുടെയും ചതിയുടെയും രാഷ്ട്രീയമായിരുന്നു കെജ്‌രിവാളിന്റേതെന്നും അതിന്റെ നിരാകരണമാണ് ഡൽഹിയിലെ വോട്ടെന്നും കോൺഗ്രസിന്റെ മാധ്യമവിഭാഗം ചുമതലക്കാരനായ ജയ്‌റാം രമേശ് പ്രതികരിച്ചു. എഎപിയുടെ ഒട്ടനവധി അഴിമതികൾ പുറത്തുകൊണ്ടുവന്നത് കോൺഗ്രസാണ്. കോൺഗ്രസ് വോട്ടുവിഹിതം കൂട്ടി. 2030ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും–- ജയ്‌റാം രമേശ് പറഞ്ഞു.
എഎപി ഹരിയാനയിലും ഗോവയിലും ഗുജറാത്തിലുമൊക്കെ മത്സരിച്ചപ്പോൾ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് ആരും ക്ലാസ് എടുത്തിരുന്നില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെല്ലാം മതനിരപേക്ഷ വോട്ടുകളെ എഎപി പിളർത്തി–-ഖേര പറഞ്ഞു.
എഎപിയെ ജയിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് കോൺഗ്രസിനുള്ളതെന്ന് അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകളും കോൺഗ്രസ് നേതാവുമായ മുംതാസ് പട്ടേൽ പ്രതികരിച്ചു. ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒന്നും നഷ്ടമായില്ലെന്നും എഎപിക്കാണ് എല്ലാം നഷ്ടമായതെന്നും മുതിർന്ന വനിതാ നേതാവ് അൽക്ക ലംബ പ റഞ്ഞു.









0 comments