കോൺഗ്രസിന്റെ വഞ്ചന: ഇന്ത്യ കൂട്ടായ്‌മയിൽ അമർഷം

bj congress
avatar
എം പ്രശാന്ത്‌

Published on Feb 10, 2025, 01:07 AM | 2 min read

ന്യൂഡൽഹി: ഡൽഹി ഭരണം ബിജെപിക്ക്‌ കാഴ്‌ചവച്ച കോൺഗ്രസ്‌ നടപടിക്കെതിരെ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയിൽ ശക്തമായ പ്രതിഷേധം. നാഷണൽ കോൺഫറൻസ്‌, ശിവസേനാ ഉദ്ധവ്‌ വിഭാഗം, തൃണമൂൽ കോൺഗ്രസ്‌ തുടങ്ങിയ പാർടികൾക്ക്‌ പുറമെ സമാജ്‌വാദി പാർടിയും കോൺഗ്രസിനെ നിശിതമായി വിമർശിച്ച്‌ രംഗത്തെത്തി.


70 സിറ്റീലും മത്സരിച്ച കോൺഗ്രസിന്റെ നീക്കമാണ്‌ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച്‌ ബിജെപിക്ക്‌ അധികാരത്തിലേക്ക്‌ വഴിയൊരുക്കിയതെന്ന്‌ വിമർശമുയർന്നു. എഎപിക്കെതിരെ കോൺഗ്രസ്‌ നടത്തിയ തീവ്രപ്രചാരണം ബിജെപിയുടെ വിജയം എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ്‌ ഇടതുപക്ഷ പാർടികളും ഇന്ത്യ കൂട്ടായ്‌മയിലെ മറ്റ്‌ പാർടികളും. അതേസമയം, ബിജെപി വിജയത്തിൽ ആകുലപ്പെടാതെ എഎപിയുടെ തോൽവിയിൽ ആഹ്ലാദിക്കുകയാണ്‌ കോൺഗ്രസ്‌.


ബിജെപിയെ ജയിപ്പിക്കാനും എഎപിയെ തോൽപ്പിക്കാനും കോൺഗ്രസ്‌ ഡൽഹിയിൽ അത്യധ്വാനം ചെയ്‌തെന്ന്‌ രാജ്യസഭാംഗവും മുതിർന്ന എസ്‌പി നേതാവുമായ രാംഗോപാൽ യാദവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഡൽഹി ഏതുവിധേനയും പിടിക്കേണ്ടത്‌ ബിജെപിയുടെ ആവശ്യമായിരുന്നു. കോൺഗ്രസ്‌ അക്കാര്യത്തിൽ ബിജെപിയെ സഹായിച്ചു. എഎപിക്കെതിരെയായിരുന്നു കോൺഗ്രസിന്റെ പ്രചാരണമത്രയും. ഇത്‌ ബിജെപിയുടെ വിജയത്തിന്‌ കാരണമായി–- രാംഗോപാൽ യാദവ്‌ പറഞ്ഞു.


എഎപിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിൽ ഡൽഹി ഫലം മറ്റൊന്നാകുമായിരുന്നെന്ന്‌ തൃണമൂൽ എംപി സൗഗത റോയ്‌ പറഞ്ഞു. അഹംഭാവം മാറ്റിവച്ച്‌ ബിജെപിയെ യോജിച്ച്‌ ചെറുക്കാൻ ഇന്ത്യ കൂട്ടായ്‌മയിലെ കക്ഷികൾ തയ്യാറാകണം. അതല്ലെങ്കിൽ ഡൽഹിയിലെ അനുഭവം ആവർത്തിക്കും–-സൗഗത റോയ്‌ പറഞ്ഞു.


ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ ഫലത്തിൽനിന്ന്‌ ശരിയായ പാഠം പഠിക്കാൻ കോൺഗ്രസ്‌ തയ്യാറാകണമെന്ന്‌ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർടിയെന്ന നിലയിൽ മറ്റ്‌ മതനിരപേക്ഷ പാർടികളെ എങ്ങനെ യോജിച്ചു കൊണ്ടുപോകാൻ കഴിയുമെന്ന്‌ കോൺഗ്രസ്‌ ആത്മപരിശോധന നടത്തണം. മതനിരപേക്ഷ പാർടികളിലെ അനൈക്യമാണ്‌ ഡൽഹിയിൽ ബിജെപിയുടെ വിജയത്തിന്‌ കാരണമായത്‌–- രാജ പറഞ്ഞു. എഎപിക്കെതിരായി കോൺഗ്രസ്‌ നടത്തിയ തീവ്രപ്രചാരണം ബിജെപിയെ സഹായിച്ചെന്ന്‌ സിപിഐ എം ഡൽഹി ഘടകവും വിലയിരുത്തി.


ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള, ശിവസേനാ വക്താവ്‌ സഞ്‌ജയ്‌ റൗത്ത്‌ തുടങ്ങിയ നേതാക്കളും ഡൽഹിയിൽ സഖ്യമില്ലാതെ മത്സരിച്ചതിനെ വിമർശിച്ചിരുന്നു. ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റഘട്ടത്തിൽതന്നെ പ്രതിപക്ഷ കൂട്ടായ്‌മയെ ഏകോപിപ്പിക്കുന്നതിലുള്ള കോൺഗ്രസിന്റെ പരാജയം വ്യക്തമായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഡൽഹിയിലും വോട്ടുകൾ ഭിന്നിപ്പിക്കുംവിധം കോൺഗ്രസ്‌ 70 സീറ്റിലും ഒറ്റയ്‌ക്ക്‌ മത്സരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home