ad
Deshabhimani

കോടതി ഉത്തരവ് ലംഘിച്ചു; സഞ്ജയ് ഗാന്ധി ആനിമൽ ഷെൽട്ടറിന് കോടതിയുടെ രൂക്ഷവിമർശനം

Shelter home.jpg
വെബ് ഡെസ്ക്

Published on Jan 16, 2026, 03:50 PM | 1 min read

ന്യൂഡൽഹി: കോടതി ഉത്തരവ് ലംഘിച്ച് പിടിച്ചെടുത്ത നായ്ക്കളെ വിട്ടുകൊടുക്കാൻ വിസമ്മതിച്ച സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെൻ്ററിന് ഡൽഹി കോടതിയുടെ രൂക്ഷവിമർശനം.


പിടിച്ചെടുത്ത 10 നായ്ക്കളെ ഉടമയ്ക്ക് വിട്ടുനൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെത്തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി സുരഭി ശർമ്മ വത്സൻ ഷെൽട്ടർ അധികൃതർക്കെതിരെ നടപടി സ്വീകരിച്ചത്.


ഷെൽട്ടർ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും അവർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കോടതി നിരീക്ഷിച്ചു. മൃഗസംരക്ഷണത്തിൻ്റെ പേരിൽ നിയമലംഘനവും കടുത്ത അനാസ്ഥയുമാണ് അവിടെ നടക്കുന്നതെന്ന് കോടതി വ്യക്തമാക്കി.


സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെൻ്റർ മൃഗങ്ങളുടെ സംരക്ഷകരല്ലെന്നും വെറും പേരിലെ സൂക്ഷിപ്പുകാർ മാത്രമാണെന്നും കോടതി പറഞ്ഞു. ഇവിടെ തുടരുന്നത് മൃഗങ്ങളുടെ ജീവന് ഭീഷണിയാണെന്നും നിരീക്ഷിച്ചു.


ആയിരക്കണക്കിന് മൃഗങ്ങളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ കൃത്യമായ വൈദ്യരേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ലെന്നത് ആശങ്കാജനകമാണ്. മരുന്നും പരിചരണവും നൽകുന്നതിൽ ഷെൽട്ടർ പരാജയപ്പെട്ടു.


10 നായ്ക്കളിൽ ചിലത് ചത്തുപോയെന്നോ മറ്റാർക്കെങ്കിലും ദത്തെടുക്കാൻ നൽകിയെന്നോ ഉള്ള ഷെൽട്ടറിന്റെ വാദം കോടതി തള്ളി. മുമ്പ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ എല്ലാ നായ്ക്കളും സുരക്ഷിതമാണെന്നാണ് ഇവർ അറിയിച്ചിരുന്നത്.


ജനുവരി 19-നകം ഷെൽട്ടറിലെ ഓരോ മൃഗത്തിൻ്റെയും നിലവിലെ അവസ്ഥ, മരിച്ചവയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ, ദത്തെടുക്കൽ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.


മൃഗങ്ങൾ വെറും വസ്തുക്കളല്ലെന്നും അവയ്ക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. ജഗത് പുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നായ്ക്കളെ ഷെൽട്ടറിൽ പാർപ്പിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home