print edition തുർക്ക്‌മാൻഗേറ്റ് ബുൾഡോസർരാജ് : കൂടുതൽ പേർ അറസ്‌റ്റിൽ

ന്യൂഡൽഹി
തുർക്ക്‌മാൻ ഗേറ്റ് മേഖലയിലെ ഫായിസ് ഇലാഹി മസ്‌ജിദിന് സമീപത്തെ ഇടിച്ചുപൊളിക്കലിന് പിന്നാലെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ആറ് പേരെകൂടി അറസ്‌റ്റ് ചെയ്‌ത് പൊലീസ്. സംഭവത്തിൽ അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇതോടെ മൊത്തം 11 പേർ അറസ്‌റ്റിലായി. കല്ലേറിന് കാരണക്കാരായ 30 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ കടകളിലെ സിസിടിവികൾ, പൊലീസുകാരുടെ ശരീരങ്ങളിൽ ഘടിപ്പിച്ചിരുന്ന ക്യാമറകൾ എന്നിവയിലെ ദൃശ്യങ്ങൾക്ക് പുറമേ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കല്ലേറും സംഘർഷവും ഉണ്ടാകും മുന്പ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സമാജ്‌വാദി പാർടിയുടെ എംപി മൊഹീബുള്ള നദ്‌വിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ സമൻസ് നൽകും. സംഘർഷങ്ങളെകുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, അർധരാത്രിയിലെ ‘ബുൾഡോസർരാജി’ന്റെ നടുക്കത്തിലാണ് പ്രദേശത്തെ സ്‌ത്രീകളും കുട്ടികളും. മസ്‌ജിദ് തകർക്കാൻ ബുൾഡോസറുകളുമായി വരുന്നുവെന്ന് കരുതിയാണ് പ്രദേശത്ത് തടിച്ചുകൂടിയതെന്ന് നാട്ടുകാർ പറയുന്നു. ഇടിച്ചുപൊളിക്കലിന് എതിരായ ഹർജികളിൽ ഹൈക്കോടതി വിധി വരും മുന്പ് കോർപറേഷനും പൊലീസും തിടുക്കത്തിൽ ഇടപെട്ടതാണ് സംഘർഷത്തിന് കാരണമായതെന്നും ഇവർ പറയുന്നു.










0 comments