കൊടുംചൂടിൽ ജനങ്ങളെ തെരുവിലാക്കി ഡൽഹി ബിജെപി സർക്കാർ

ന്യൂഡൽഹി
കനത്ത ചൂടിൽ ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കി ഡൽഹിയിൽ ബിജെപി സർക്കാരിന്റെ കുടിയിറക്കൽ. ഗോവിന്ദ്‌പുരിയില്‍ 1200ഓളം കുടിലുകൾ ഡൽഹി വികസന അതോറിറ്റി രണ്ടുദിവസത്തിനുള്ളിൽ പൊളിച്ചുനീക്കി. ദിവസവേതനത്തിന് പണിയടുക്കുന്ന കുടിയേറ്റക്കാരെയാണ് തെരുവിൽ തള്ളിയത്.
കൽക്കാജി മേഖലയിൽ പൊളിച്ചുനീക്കിയ പാര്‍പ്പിടമേഖലയില്‍ താമസിച്ചിരുന്ന 3000ലേറെ കുടുംബങ്ങളിൽ 1862 കുടുംബങ്ങൾക്ക് മാത്രമാണ് സർക്കാർ പുനരധിവാസം ഉറപ്പാക്കിയത്. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി 1200 കുടുംബങ്ങളെ പുനരധിവസിപ്പിച്ചില്ല. നോട്ടീസ് നൽകി മൂന്നുദിവസത്തിനകം പൊളിക്കൽ തുടങ്ങിയതോടെ മറ്റൊരു സ്ഥലം കണ്ടെത്താനാകാതെ ഈ കുടുംബങ്ങൾ തെരുവിലായി.
ഡൽഹി പുറമ്പോക്കില്‍ താമസിക്കുന്നവർക്ക് അവിടെത്തന്നെ വീടുകൾ അനുവദിക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
ഉഷ്ണതരംഗത്തിൽ പൊള്ളി ഉത്തരേന്ത്യ
താപനില ക്രമാതീതമായി ഉയർന്നതോടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട്. താപനില ഇനിയും ഉയരുമെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ താപനില 51 ഡിഗ്രി സെൽഷ്യസിന് മുകളിലായി. വെള്ളിവരെ ഉഷ്ണതരംഗം തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടിയതും ചൂടിന്റെ കാഠിന്യം വർധിപ്പിച്ചു. മഴയെത്തുന്നതോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. പശ്ചിമ ബംഗാളിൽ ഉഷ്ണതരംഗത്തെ തുടർന്ന് വെളളി, ശനി ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.









0 comments