ad
Deshabhimani

ഇന്ധനവില വർധന: ഡല്‍ഹിയില്‍ മൂന്നുദിവസത്തെ ഓട്ടോ-ടാക്സി പണിമുടക്ക് ആരംഭിച്ചു

auto

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 21, 2026, 10:07 AM | 1 min read

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. തുടർച്ചയായുണ്ടാകുന്ന ഇന്ധനവില വർധനവിന്റെ പശ്ചാത്തലത്തിൽ യാത്രാനിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.


ചാലക് ശക്തി യൂണിയൻ അടക്കം നിരവധി പ്രമുഖ സംഘടനകൾ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി എൻസിആർ മേഖലയിൽ മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം ടാക്സി-ഓട്ടോ ഡ്രൈവർമാർ സമരത്തിന്റെ ഭാഗമാകുമെന്നാണ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്.


സിഎൻജി, പെട്രോൾ, ഡീസൽ വില അടിക്കടി വർധിക്കുന്നത് സാധാരണക്കാരായ ഡ്രൈവർമാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് പറഞ്ഞു. ദില്ലി സർക്കാർ അടിയന്തരമായി നിരക്ക് വർധനവ് നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി.


അതേസമയം, ദില്ലി ഓട്ടോ റിക്ഷ സംഘ്, ദില്ലി പ്രദേശ് ടാക്സി യൂണിയൻ, ഓട്ടോ ഡ്രൈവേഴ്സ് വെൽഫയർ സംഘ് ദില്ലി, പ്രഗതിശീൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങിയ ഒരു വിഭാഗം സംഘടനകൾ ഈ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഒരു വിഭാഗം സർവീസ് നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറങ്ങാത്തതിനാൽ നഗരത്തിൽ യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്.


അതേസമയം ഒറ്റയടിക്ക് വില കൂട്ടിയാൽ ഉണ്ടാകുന്ന ജനരോഷം ഭയന്ന്, ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഘട്ടംഘട്ടമായി വില അടിച്ചേൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും ആഗോള എണ്ണ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് വില വർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home