Deshabhimani

print edition ഡൽഹിയിൽ വായു ‘അതീവ മോശം’; ഗ്യാസ്‌ ചേംബർ

Delhi.

ഡൽഹിയിൽ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Nov 13, 2026, 12:49 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ വായുഗുണനിലവാര സൂചിക (എക്യുഐ) വ്യാഴാഴ്‌ച ‘അതീവമോശം’ വിഭാഗത്തിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്‌ ബുധനാഴ്‌ച 313 രേഖപ്പെടുത്തിയ എക്യുഐ വ്യാഴാഴ്‌ച 350 ആയി. സിപിസിബിയുടെ കണക്കനുസരിച്ച്‌ ഡൽഹിയിൽ വായുഗുണ നിലവാര നിരീക്ഷണകേന്ദ്രത്തിൽ ഒരിടത്തും എക്യുഐ 500 കടന്നിട്ടില്ല.


അന്താരാഷ്‌ട്ര ഏജൻസിയായ ഐക്യു എയറിന്റെ കണക്കനുസരിച്ച്‌ പല ഭാഗത്തും എക്യുഐ 600 കടന്നു. ദീപാവലി ആഘോഷങ്ങളിലെ പടക്കം പൊട്ടിക്കലിന്‌ പിന്നാലെയാണ്‌ ഡൽഹിയിലും മറ്റ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും എക്യുഐ ഉയർന്നത്‌. പടക്കം പൊട്ടിക്കലിനെ ന്യായീകരിച്ച്‌ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവത്‌ രംഗത്തെത്തി.


മുൻകാലങ്ങളിലെ പടക്കങ്ങൾ രാസവസ്‌തു ഉപയോഗിക്കാതെ നിർമിച്ചവയാണെന്നും അവയിൽനിന്നുള്ള പുക അന്തരീക്ഷം ശുദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിളക്കുകൾ തെളിക്കുമ്പോൾ അന്തരീക്ഷത്തിൽ പ്രത്യേകതരം വായു രൂപപ്പെടും. ഇത്തരം ആചാരങ്ങൾക്ക്‌ പിന്നിലെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കി അവ പിന്തുടരണമെന്നും ഭാഗവത്‌ പറഞ്ഞു.


പ്രതിഷേധവുമായി എസ്‌എഫ്‌ഐ


ഡൽഹിയിലെ വായുമലിനീകരണം ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ. ഡൽഹി സർവകലാശാല സമിതി നേതൃത്വത്തിൽ ഇ‍ൗ ആവശ്യമുന്നയിച്ച്‌ പ്രതിഷേധിച്ചു. നെബുലൈസർ മാസ്‌ക്‌ ധരിച്ചാണ്‌ വിദ്യാർഥികൾ എത്തിയത്‌. ​ഡൽഹി സംസ്ഥാന സെക്രട്ടറി സൂരജ്‌, മെഹിന ഫാത്തിമ, സിമ്രാൻ, അനിൽ സേതുമാധവൻ, സഖി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home