യാത്ര ദുഷ്‌കരം
വഴി പൊളിഞ്ഞു

തകർന്ന കടുത്തുരുത്തി ഇറുമ്പയം – കൈയൂരിക്കൻ റോഡ്

സ്വന്തം ലേഖകൻ
Published on Nov 13, 2026, 01:02 AM | 1 min read
കോട്ടയം
ജില്ലയിലെ പൊതുമരാമത്ത് റോഡുകൾ പലതും ശോച്യാവസ്ഥയിൽ. തുലാമഴ കഴിഞ്ഞതോടെ പലയിടത്തും കുഴികൾ രൂപപ്പെട്ടു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പിഡബ്ല്യുഡി തിരിഞ്ഞുനോക്കുന്നില്ല. എം സി റോഡ്, കെ കെ റോഡ് എന്നീ സുപ്രധാന റോഡുകളിലൂടെയുള്ള യാത്രയും സുഗമമല്ലാതായി. കടുത്തുരുത്തിയിൽ മുട്ടുചിറ–എഴുമാന്തുരുത്ത്–വടയാർ റോഡ് പലയിടത്തും പൊളിഞ്ഞു. ഇതിൽ മുട്ടുചിറ മുതൽ വാലാച്ചിറ വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ല. ഞീഴൂർ–അറുനൂറ്റിമംഗലം റോഡിൽ മഴയായാൽ പലഭാഗത്തും കാൽനടപോലും സാധ്യമല്ല. തീക്കോയി–വാഗമൺ റോഡിലാണ് ഏറ്റവും ഗുരുതര സാഹചര്യമുള്ളത്. മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ മണ്ണ് ഇനിയും മാറ്റാത്ത സ്ഥലങ്ങളുണ്ട്. വേലത്തുശേരി, മാവടി തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. അപകടകരമായ നിലയിലാണ് പലതും. വൈക്കത്ത് നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള റോഡിൽ നിരവധി കുഴികളുണ്ട്. പഴയ കെ കെ റോഡിന്റെ പല ഭാഗങ്ങളും തകർന്നിട്ടും നന്നാക്കുന്നില്ല. ചങ്ങനാശേരി–കവിയൂർ റോഡ്, ചങ്ങനാശേരി– വണ്ടിപ്പേട്ട – പറാൽ – കുമരങ്കരി റോഡ്, പൂഞ്ഞാറിലെ പനച്ചിപ്പാറ, മണിയംകുന്ന്, വളതൂക്ക് റോഡ് എന്നിവയുടെയും അവസ്ഥ മോശമാണ്. ഇതോടൊപ്പം ഗ്രാമീണ റോഡുകളും സമയാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ മോശം അവസ്ഥയിലാണ്. ഇതിനിടെ മെറ്റലും സിമന്റുമടക്കം എല്ലാ നിർമാണ സാമഗ്രികൾക്കും വില കൂടിയിരുന്നു. ഇത് റോഡിന്റെ നിർമാണത്തെയും ബാധിച്ചിട്ടുണ്ട്. കരാറുകാർക്ക് മുൻ നിശ്‌ചയിച്ച തുകയിൽ റോഡ് നിർമാണം തീർക്കാൻ പറ്റാത്ത സാഹചര്യമാണ്. ശബരിമല തീർഥാടകർ വലയും ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന പ്രധാനപാതകളിൽ ഇത്തവണ അറ്റകുറ്റപ്പണി നടത്തിയില്ല. കാഞ്ഞിരപ്പള്ളി–എരുമേലി റോഡും എരുമേലി–പമ്പ റോഡും മോശം അവസ്ഥയിലാണ്. മുണ്ടക്കയം–പുഞ്ചവയൽ റോഡിലും കുഴിയായി. തീർഥാടന പാതകൾ മണ്ഡലകാലം തുടങ്ങുന്നതിനുമുമ്പ് നന്നാക്കുമെന്ന് എംഎൽഎ പറഞ്ഞ വാക്ക് പാഴായി.









0 comments