print edition എഎച്ച്‌ഡിസി തെരഞ്ഞെടുപ്പ് കൊടുംശൈത്യത്തിൽ; ലഡാക്കിൽ പ്രതിഷേധം പടരുന്നു

ന്യൂഡൽഹി : കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ എട്ട് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലേ(എഎച്ച്‌ഡിസി)ക്കുള്ള തെരഞ്ഞെടുപ്പ് കൊടുംശൈത്യത്തിൽ നടത്തുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം. ഡിഡംബർ നാലിന് തെരഞ്ഞെടുപ്പ് നടത്തുന്നത് ജനഹിതത്തിന് എതിരാണെന്ന് ആരോപിച്ച് പൗരസംഘടനകളായ ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയും രാഷ്‌ട്രീയ പാർടികളും രംഗത്തെത്തി.
ബുധൻ രാത്രി ലേയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുക്കിനെ പൊലീസ് ബലമായി നീക്കി. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും വിലക്കി. മാതൃകാപെരുമാറ്റച്ചട്ടം മുൻനിർത്തി പ്രതിഷേധങ്ങളും നിരോധിച്ചു. എന്നാൽ പൗരസംഘടനകൾ സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ശൈത്യകാലമായതിനാൽ നിരവധിപേർ മറ്റിടങ്ങളിലേയ്‌ക്ക് താൽക്കാലികമായി മാറി. മുതിർന്നവർക്കും പ്രയാസമേറെ. ഇത് പരിഗണിക്കാതെയാണ് ചരിത്രത്തിലാദ്യമായി ഡിസംബറിൽ തെരഞ്ഞെടുപ്പ്.
ലഡാക്കിന്റെ ഭരണഘടനാസംരക്ഷണം, പൂർണ സംസ്ഥാനപദവി തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രതീരുമാനം നീളുകയാണ്. മണ്ഡല പുനർനിർണയത്തിൽ അപാകമുണ്ടെന്നും ആരോപണമുയർന്നു. ഇൗ മാസം 21നാണ് തദ്ദേശ തെരഞ്ഞെടുപ്പ്.








0 comments