print edition ഗ്യാനേഷിനെതിരെ സമരം തുടരും

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്‌ഐആർ റദ്ദാക്കലും ആവശ്യപ്പെട്ട് സ്വാതന്ത്ര്യസമര മാതൃകയിൽ പ്രതിഷേധം തുടരുമെന്ന് ‘പീപ്പിൾ എഗെയ്‌ൻസ്റ്റ് എസ്‌ഐആർ’ കൂട്ടായ്‌മ. ഏഴ് സംസ്ഥാനങ്ങളിൽ എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേരുചേർക്കാൻ അവസരം നൽകിയത് തെരഞ്ഞെടുപ്പ് കമീഷന്റെ യു ടേൺ ആണ്.
പ്രതിഷേധങ്ങളുടെ വിജയമാണിത്. മുഴുവൻ സംസ്ഥാനങ്ങളിലും സമാന നടപടിക്ക് കമീഷൻ തയ്യാറാകണമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌ഐആർ റദ്ദാക്കിയശേഷമേ തെരഞ്ഞെടുപ്പുകൾ നടത്താവൂ എന്നാവശ്യപ്പെട്ട് രാഷ്‌ട്രതി ദ്രൗപതി മുർമുവിന് കത്ത് നൽകും. ബൂത്ത് തലത്തിൽ വോട്ടർമാരെ വിളിച്ചുചേർത്ത് പ്രതിഷേധം സംഘടിപ്പിക്കും. നവംബർ 26 മുതൽ ഡിസംബർ 20 വരെ വിവിധ സമര പരിപാടികൾക്ക് ആഹ്വാനംചെയ്‌തു.
എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, സാമൂഹ്യപ്രവർത്തകരായ പ്രകാശ് രാജ്, അഞ്ജലി ഭരദ്വാജ്, താരാ റാവു, കർഷക നേതാക്കളായ ഡോ. സുനിലാം, യുദ്ധ്‌വീർ സിങ്, എഐഎസ്‌എഫ് നേതാവ് അനികേത്, സിജെപി വക്താവ് മെഹർ പസ്രീച, ജെഎൻയു വിദ്യാർഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments