ആലീസിന് ഇവിടം സ്വർഗം

ആലീസ് പച്ചക്കറിത്തോട്ടത്തിൽ
അതുല്യ ഉണ്ണി
Published on Nov 13, 2026, 12:59 AM | 1 min read
കോട്ടയം
ഒരിക്കൽ കാടുപിടിച്ച് കിടന്ന പുരയിടം ഇന്ന് വിളകളാൽ സമൃദ്ധം. കടുക്, ഉലുവ, പെരുംജീരകം, ഒപ്പം പലതരം പച്ചക്കറികളും പഴങ്ങളും. ഭരണങ്ങാനം പള്ളിക്കൽ ആലീസ് ജോണിന്റെ വീട്ടിൽ ചെന്നാൽ വലിയ തോട്ടം കാണാം. പഴയ അരിച്ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി കുറച്ച് മണ്ണും ഇഞ്ചിക്കഷണവുമായി തുടങ്ങിയ ആലീസിന്റെ പരീക്ഷണങ്ങൾ, ഇന്ന് നൂറിലധികം ഗ്രോബാഗുകളിലേക്ക് പടർന്ന് പന്തലിച്ചുനിൽക്കുകയാണ്. ചെറുപ്പംതൊട്ടേ കൃഷിയെ സ്‌നേഹിച്ച ആലീസിന് കൃഷി കൗതുകമല്ല, ഉപജീവനമാണ്. ഇഞ്ചിയും ചെറിയ പച്ചക്കറികളും നട്ടായിരുന്നു തുടക്കം. ആദ്യകൃഷി വിജയിച്ചത് പ്രചോദനമായി. കോവിഡ് കാലത്താണ് കൃഷിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. കാടുപിടിച്ച സ്വന്തം പറമ്പ് തെളിച്ച് വലിയൊരു തോട്ടം തീർത്തു. അയൽക്കാർക്കും സുഹൃത്തുക്കൾക്കും വിഷരഹിത പച്ചക്കറി നൽകുകയായിരുന്നു ലക്ഷ്യം. കാർഷികയാത്രയ്ക്ക് ദിശാബോധം നൽകാൻ അയൽക്കൂട്ടത്തിനും സംഘകൃഷിക്കുമായി. കുടുംബശ്രീയുടെ പരിശീലനംവഴി ഗ്രോബാഗുകളുടെ ശാസ്ത്രീയമായ ഉപയോഗം, വളപ്രയോഗം, കീടനിയന്ത്രണം എന്നിവയൊക്കെ പഠിച്ചെടുത്തു. അരിച്ചാക്കുകളിൽനിന്ന് കൃഷി നൂറിലധികം ഗ്രോബാഗുകളിലേക്ക് വികസിച്ചു. കടുക്, ഉലുവ, പെരുംജീരകം എന്നിവയോടൊപ്പം വിവിധയിനം പച്ചക്കറികളും പറമ്പിൽ സമൃദ്ധമായി. തക്കാളി, സവാള, ഉള്ളി, വെണ്ടക്ക, കോളിഫ്ലവർ, കാബേജ്, കിഴങ്ങ് വിവിധതരം കോവയ്‌ക്ക, വഴുതന, ബീറ്റ്‌റൂട്ട്, പാഷൻ ഫ്രൂട്ട് എന്നിവയാണ് പ്രധാനം. വീട്ടിലെ ആവശ്യങ്ങൾക്കുശേഷം ബാക്കി വരുന്നവ പഞ്ചായത്തിലെ ആഴ്ചച്ചന്തയിൽ വിൽക്കും. ഭരണങ്ങാനം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഇത്തവണത്തെ ‘ഉദ്യാനശ്രേഷ്ഠ' പുരസ്കാര ജേതാവാണ് ആലീസ്. ഭർത്താവ് ജോൺ, മകൻ എബി, ഭർത്താവിന്റെ അച്ഛൻ സേവ്യർ എന്നിവർ സഹായത്തിനുണ്ട്.









0 comments