print edition പ്രാണവായു കിട്ടാതെ ഡല്‍ഹി; ബിജെപി സർക്കാരുകള്‍ ശവാസനത്തില്‍


AKSHAY K P
Published on Dec 16, 2025, 12:00 AM | 2 min read
ന്യൂഡൽഹി : വായു മലിനീകരണം ഡൽഹിയെ ‘ഗ്യാസ് ചേംബർ’ ആക്കിയെന്ന് പ്രചാരണം നടത്തി അധികാരത്തിലേറിയ ബിജെപിയുടെ ഭരണത്തില്‍ പ്രാണവായു കിട്ടാതെ ജനം. കേന്ദ്രവും ഡൽഹിയും മുനിസിപ്പൽ കോർപറേഷനിലും ഒരേ സമയം ഭരിച്ചിട്ടും ഡല്‍ഹിവാസികള്‍ക്ക് ശുദ്ധവായു ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. സമീപകാലത്തെ ഏറ്റവും മോശം സ്ഥിതിയിലാണ് ഡൽഹി. തുടർച്ചയായ മൂന്നാം ദിവസവും നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ‘ഗുരുതര’ വിഭാഗത്തിലാണ്.
തിങ്കളാഴ്‌ച രേഖപ്പെടുത്തിയ ശരാശരി എക്യുഐ 427 ആണ്. അശോക് വിഹാർ, ജഹാംഗിർപുരി തുടങ്ങിയ പല നിരീക്ഷണ കേന്ദ്രങ്ങളിലും എക്യുഐ 500 കടന്നു.
രാജ്യതലസ്ഥാന മേഖലയിൽ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തുന്ന വയോധികരും കുട്ടികളുമടക്കമുള്ളവരുടെ എണ്ണം കുതിച്ചുയർന്നു. രോഗികളുടെ എണ്ണത്തിൽ 25 ശതമാനത്തിലധികം വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
ദീപാവലിക്കാലത്ത് ബിജെപി പിന്തുണയോടെ പടക്കം പൊട്ടിക്കലും ആഘോഷവും പൊടിപൊടിച്ചതോടെയാണ് സാഹചര്യം കൈവിട്ടത്. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണം കാറ്റിൽപ്പറത്തിയത് ഭരണസംവിധാനം നോക്കിനിന്നു. വായു മലിനീകരണം അതിരൂക്ഷമായതോടെ നിരീക്ഷണ കേന്ദ്രങ്ങൾ അടച്ചിട്ടും വിഷപുക പരിശോധനാ സംവിധാനങ്ങളിൽ വെള്ളംതളിച്ച് കണക്കില്‍ സര്‍ക്കാര്‍ തട്ടിപ്പ് നടത്തുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.സാഹചര്യം അപകടകരമാണെന്ന് ഐക്യു എയർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയതോടെ അവയൊന്നും ആധികാരികമല്ലെന്ന നിലപാടുമായും കേന്ദ്രം രംഗത്തെത്തി.
ദുരിതത്തിലായ ജനങ്ങൾക്ക് തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന ബോധ്യംകൂടി ഉണ്ടായതോടെ പ്രതിഷേധങ്ങൾ ശക്തമായി.
വിദ്യാർഥികളടക്കമുള്ള പ്രതിഷേധക്കാരെ അടിച്ചമർത്തിയും കിരാത നിയമങ്ങൾ ചുമത്തി ജയിലിലടച്ചും വേട്ടയാടാനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. ശൈത്യം കടുത്തതോടെ പുകമഞ്ഞ് വ്യാപകമായി കാഴ്‌ചപരിധി കുറഞ്ഞ് ഗതാഗതവും താളംതെറ്റി. വിവിധയിടങ്ങളിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളും റിപ്പോർട്ടുചെയ്യുന്നുണ്ട്. വായു മലിനീകരണം നേരിടാൻ വിജയകരമായി നടപ്പാക്കിയ വിദ്യ പങ്കുവച്ച് സഹായിക്കാമെന്ന് ഡൽഹിയിലെ ചൈന എംബസി അറിയിച്ചെങ്കിലും കേന്ദ്രം തുടർനടപടിയെടുത്തതായി റിപ്പോര്‍ട്ടില്ല. ജനങ്ങളെ വിഷപ്പുകയ്‌ക്ക് വിട്ട് കൊടുത്തിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് കടന്നുവെന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളിൽ ശക്തമായി.
സുപ്രീംകോടതിയിൽ
ഓൺലൈനായി
ഹാജരാകാം
ഡൽഹിയിലെ വായുമലിനീകരണം ഗുരുതര വിഭാഗത്തിൽ എത്തിയതോടെ അഭിഭാഷകരും വ്യവഹാരികളും ഓൺലൈനിൽ ഹാജരായാൽ മതിയെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സർക്കുലർ ഇറക്കി.
അഭിഭാഷകർക്കും വ്യവഹാരികൾക്കും അസൗകര്യം ഉണ്ടാക്കാതെ കോടതി നടപടികൾ സുഗമമായി നടത്താൻ ലക്ഷ്യമിട്ടാണ് നടപടി. ഓൺലൈൻ കോടതി നടപടിക്രമങ്ങൾ ഉറപ്പുവരുത്താൻ രജിസ്‌ട്രിക്കും നിർദേശമുണ്ട്.











0 comments