ആഴക്കടൽ മണൽ ഖനനം: പദ്ധതി നടപ്പിലാക്കാൻ കേരളവുമായി കൂടിയാലോചന നടത്തിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ആഴക്കടൽ മണൽ ഖനന പദ്ധതി നടപ്പിലാക്കാൻ കേരളവുമായി കൂടിയാലോചന നടത്തിയില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വൻ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിയാണ് ആഴക്കടൽ ഖനനം.
ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആശ്രയിക്കുന്ന കൊല്ലം പരപ്പ് പോലുള്ള പരമ്പരാഗത മത്സ്യബന്ധന മേഖലകളെ ആശങ്കയിലാഴ്ത്തുന്നതാണ് ആഴക്കടൽ മണൽ ഖനനം. ഇവ നടപ്പാക്കുന്നതിന് മുന്നോടിയായി പദ്ധതിയിലൂടെ ഉണ്ടാകാവുന്ന ആഘാതത്തെക്കുറിച്ച് വിലയിരുത്തുകയോ, പൊതുജനാഭിപ്രായം തേടുകയോ ചെയ്തിട്ടില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കേരള തീരത്ത് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജൈവവൈവിധ്യത്തിലും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിലുമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും പദ്ധതിയെക്കുറിച്ച് കേരളവുമായി ചര്‍ച്ച ചെയ്തിരുന്നോ എന്നുമായിരുന്നു ജോൺ ബ്രിട്ടാസ് എം പി ചോദ്യം ഉന്നയിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി ഖനി മന്ത്രാലയവുമായി സംസാരിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരുമായോ, തീരദേശ സമൂഹങ്ങളുമായോ, ബാധിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുമായോ ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സമഗ്രമായ പഠനം നടത്താതെ കേരളത്തിലെ പരിസ്ഥിതി ലോല തീരം പരീക്ഷണ കേന്ദ്രമായി തിരഞ്ഞെടുക്കുന്നത് അപകടകരമാണ്. ഇത് സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് മാത്രമല്ല മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനമാർഗത്തിനും ഭീഷണിയാണ്. ആഴക്കടൽ ഖനനത്തിനായി സമഗ്രമായ പാരിസ്ഥിതിക, സാമൂഹിക-സാമ്പത്തിക ആഘാത പഠനം നടത്തേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുമായുള്ള ജനാധിപത്യ കൂടിയാലോചനകളും സുതാര്യമായി നടക്കണം. അതുവരെ കേരള തീരത്തെ എല്ലാ ഖനന നടപടികളും ഉടൻ നിർത്തിവയ്ക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.









0 comments