ബിഹാറിൽ നിർണായക ജനവിധി: വോട്ടെണ്ണൽ ആരംഭിച്ചു

photo credit: AFP

സ്വന്തം ലേഖകൻ
Published on Nov 14, 2025, 06:05 AM | 1 min read
ന്യൂഡൽഹി: ആവേശകരമായ രാഷ്ട്രീയപോരാട്ടത്തിന് വേദിയായ ബിഹാറിലെ നിർണായക ജനവിധിയുടെ ആദ്യസൂചനകൾ മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും. 38 ജില്ലകളിലെ 48 കേന്ദ്രങ്ങളിൽ പകൽ എട്ടോടെ വോട്ടെണ്ണൽ ആരംഭിച്ചു. വെള്ളിയാഴ്‌ച്ച രാത്രി വൈകിയോ ശനിയാഴ്‌ച്ച രാവിലെയോ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.
എക്‌സിറ്റ്‌പോൾ ഫലങ്ങൾ അനുകൂലമായതിൽ എൻഡിഎ വിജയപ്രതീക്ഷയിലാണ്. ആഹ്ലാദപ്രകടനങ്ങൾക്കായി 501 കിലോ ലഡ്ഡുവാണ് ബിജെപിയും ജെഡിയും കാത്തുവെച്ചിട്ടുള്ളത്. അതേസമയം, എക്‌സിറ്റ്‌പോൾ ഫലങ്ങളെ മുഴുവൻ അട്ടിമറിക്കുന്ന ജനവിധിയിൽ എൻഡിഎ സർക്കാർ കടപുഴകുമെന്ന് മഹാസഖ്യം ആത്മവിശ്വാസം പുലർത്തുന്നു. സസാറാമിൽ നിയോജകമണ്ഡലത്തിൽ ‘വോട്ട്‌മോഷണം’ നടന്നെന്ന ഗുരുതര ആരോപണവുമായി ആർജെഡി രംഗത്തെത്തി. വ്യാഴാഴ്‌ച്ച പുലർച്ചെ ട്രക്കിൽ ഇവിഎമ്മുകൾ ദുരൂഹമായ രീതിയിൽ പുറത്തേക്ക് കൊണ്ടുപോയെന്ന് ആർജെഡി നേതാക്കൾ ആരോപിച്ചു. കാലിപ്പെട്ടികളാണ് ട്രക്കിൽ കൊണ്ടുപോയതെന്ന് ജില്ലാഅധികൃതർ അവകാശപ്പെട്ടു.
ബിഹാറിൽ രണ്ട്‌ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടർമാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടർമാരും 62.8 ശതമാനം പുരുഷവോട്ടർമാരുമാണ് ഇക്കുറി വോട്ട് ചെയ്‌തത്.








0 comments