ad
Deshabhimani

പിപിഎഫ് തുക മകൾക്കുള്ളത്; പലിശയടക്കം തുക തിരിച്ചുനൽകാൻ പണം പിൻവലിച്ച പിതാവിനോട് ഡൽഹി ഹൈക്കോടതി

ppf account court
വെബ് ഡെസ്ക്

Published on Aug 10, 2026, 09:13 PM | 2 min read

ന്യൂഡൽഹി : തന്റെ പേരിലുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അക്കൗണ്ടിൽ നിന്ന് പിതാവ് മുഴുവൻ തുകയും പിൻവലിച്ചതിനെതിരെ ഡൽഹി സ്വദേശിനി നൽകിയ കേസിൽ നിർണായക വിധിയുമായി ഡൽഹി ഹൈക്കോടതി. മക്കളുടെ പേരിൽ നിക്ഷേപിച്ച പിപിഎഫ് തുക അവരുടേതാണെന്നും മകളുടെ പേരിലുള്ള നിക്ഷേപം പിതാവിന്റെ വ്യക്തിപരമായ നിയമബാധ്യതകൾ നിറവേറ്റാൻ ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി


ഡൽഹി സ്വദേശിയായ സുധീർ കവാത്ര 1999ലാണ് മകൾ ഷംലി കവാത്രയുടെ പേരിൽ പിപിഎഫ് അക്കൗണ്ട് ആരംഭിച്ചത്. എസ്ബിഐ ജനക്പുരി ശാഖയിലായിരുന്നു അക്കൗണ്ട്. 2016 മാർച്ച് 31ന് കാലാവധി പൂർത്തിയായതോടെ പിതാവ് അക്കൗണ്ട് അടച്ച് 8 ലക്ഷം രൂപ പിൻവലിച്ചു. 2017ൽ അക്കൗണ്ട് സ്വന്തം പേരിലേക്ക് മാറ്റാൻ സമീപിച്ചപ്പോഴാണ് പണം മുഴുവൻ പിതാവ് പിൻവലിച്ചതായി മകൾ അറിഞ്ഞത്. തുടർന്ന് തുകയും പലിശയും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഷംലി കോടതിയെ സമീപിച്ചത്.


മകളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുമെന്ന ഉറപ്പ് നൽകിയാണ് പിതാവ് തുക പിൻവലിച്ചത്. എന്നാൽ തന്നയെും അമ്മയെയും സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കാനാണ് പിതാവ് പണം പിൻവലിച്ചതെന്ന് മകൾ ആരോപിച്ചു. മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മയോടൊപ്പമായിരുന്നു ഷംലി താമസിച്ചിരുന്നത്. പിതാവ് പണം പിൻവലിച്ചത് സമ്മതിച്ചെങ്കിലും മകളുടെ ആവശ്യങ്ങൾക്കായാണ് തുക ഉപയോഗിച്ചതെന്നും മകൾക്ക് പ്രതിമാസം 12,000 രൂപ ജീവനാംശം നൽകിയിരുന്നുവെന്നും വാദിച്ചു.


2023ൽ വിചാരണക്കോടതി പിതാവിന്റെ വാദം തള്ളി. ജീവനാംശമായി നൽകിയ പണം പിപിഎഫ് നിക്ഷേപമായി കരുതാനാവില്ലെന്നും മുഴുവൻ തുകയും മകൾക്ക് തിരികെ നൽകുന്നതിനൊപ്പം എട്ട് ശതമാനം പലിശയും നൽകണമെന്നും കോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ‌ ഹൈക്കോടതിയും ആവശ്യം നിരസിച്ചു.


ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അധ്യക്ഷയായ ബെഞ്ചാണ് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ചത്. പിപിഎഫ് അക്കൗണ്ട് തുകയുടെ വിനിയോ​ഗത്തിൽ തുകയുടെ യഥാർത്ഥ അവകാശി മകളാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ ദൈനംദിന പരിപാലനച്ചെലവ് വഹിക്കേണ്ടത് മാതാപിതാക്കളുടെ സ്വന്തം നിയമബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ പേരിലുള്ള നിക്ഷേപം അതിനായി ഉപയോഗിക്കുന്നത് കുട്ടിയുടെ പണം ഉപയോഗിച്ച് രക്ഷിതാക്കൾ സ്വന്തം ബാധ്യത നിറവേറ്റുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home