ad
Deshabhimani

പൂതക്കുളത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ചു

kollam
വെബ് ഡെസ്ക്

Published on Aug 10, 2026, 09:43 PM | 1 min read

ചാത്തന്നൂർ: പൂതക്കുളം ഊന്നിർമ്മൂട് വാർഡ് പുത്തൻകുളം തലക്കുളത്ത് ഗോകുലത്തിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ദാരുണ സംഭവത്തിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ചു. പുത്തൻകുളം തലക്കുളത്ത് ഗോകുലത്തിൽ തങ്കമ്മ(96), മകൻ പൂതക്കുളം ഇടയാടി സുഷി കോട്ടേജിൽ ശിവദാസൻ(78) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്ന് തീയും ജനൽ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് പരവൂർ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി തീ അണച്ചു. മുറിക്കുള്ളിൽ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു തങ്കമ്മയുടെ മൃതദേഹം. വാതിലിന് പുറത്തേക്ക് കിടക്കുന്ന നിലയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരവൂർ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.


ഐഎൻഎ സൈനികനായിരുന്ന പരേതനായ വിദ്യാധരന്റെ പെൻഷൻ ഭാര്യ തങ്കമ്മയ്ക്കാണ് ലഭിച്ചിരുന്നത്. ഈ പെൻഷൻ തുക ആവശ്യപ്പെട്ട് ശിവദാസൻ പലപ്പോഴും അമ്മയുമായി തർക്കിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഏറെനാളായി ഇളയ മകൾ പ്രഭയുടെ വീട്ടിലായിരുന്നു തങ്കമ്മയുടെ താമസം. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ശിവദാസൻ നിലവിൽ കുടുംബത്തോടൊപ്പം എറണാകുളത്ത് സ്ഥിരതാമസമാണ്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് നാട്ടിലെത്താറ്. സംഭവദിവസം തങ്കമ്മയും മകൾ പ്രഭയും വീട്ടിലുണ്ടായിരുന്നു. പ്രഭയുടെ ഭർത്താവ് വിദേശത്തും മകൻ എറണാകുളത്തുമാണ്. വൈകിട്ട് മണിയോടെ പ്രഭ സമീപത്തെ കടയിലേക്ക് പോയ സമയത്താണ് ശിവദാസൻ കാറിൽ സഹോദരിയുടെ വീട്ടിലെത്തിയത്. മുറിയിൽ കിടന്നിരുന്ന തങ്കമ്മയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് അമ്മയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്ന് ശിവദാസനും പൊള്ളലേറ്റു. ഉപയോഗിച്ച ദ്രാവകം ഏതാണെന്ന് കെമിക്കൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home