കാസർകോട് കലക്ടറേറ്റ് ജീവനക്കാരിയുടെ ആത്മഹത്യ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് കലക്ടർ

കാസർകോട് : സെക്‌ഷൻ മാറ്റിയതിലുള്ള മനോവിഷമത്തെ തുടർന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിന് നിർദ്ദേശം നൽകി കാസർകോട് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലർക്ക് നെല്ലിക്കട്ട അതൃക്കുഴിയിലെ എ ആശാലത(42) യാണ് ജീവനൊടുക്കിയത്. എലിവിഷം അകത്ത് ചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്‌ച പകൽ 11.30യോടെയാണ് മരണം. വിദ്യാനഗർ പൊലീസ് നടത്തുന്ന അന്വേഷണത്തിനു പുറമേയാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. വകുപ്പുതല അന്വേഷണത്തിൽ ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വെള്ളിയാഴ്‌ച രാവിലെ സ്വന്തം കാറിൽ ജോലിക്കായി വീട്ടിൽനിന്നിറങ്ങിയ ആശാലത കലക്ടറേറ്റ് പരിസരത്തുവച്ച് കാറിലിരുന്ന എലിവിഷം ഐസ്ക്രീമിൽ ചേർത്ത് കഴിച്ചതായി കരുതുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ അവർ കാറോടിച്ച് ആദ്യം വീട്ടിലേക്കും പിന്നീട് ചെങ്കളയിലെ സഹകരണ ആശുപത്രിയിലും എത്തുകയായിരുന്നു. നില ഗുരുതരമായതോടെ വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ നിർത്തിയിട്ട സ്ഥലത്തുനിന്നു എലിവിഷത്തിന്റെ പാക്കറ്റുകൾ കണ്ടെത്തി. കലക്ടറേറ്റ് പരിസരത്ത് എത്തിയ ശേഷം ആലംപാടി ഭാഗത്തുപോയി എലിവിഷം വാങ്ങി തിരിച്ചെത്തുകയായിരുന്നുവെന്ന് കരുതുന്നു. ജീവിതത്തിവും ഓഫീസിലും ഒറ്റപ്പെട്ടതായി ആശാലത വിദ്യാനഗർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഓഫീസിൽനിന്ന് സെക്‌ഷൻ മാറ്റിയതിനെ തുടർന്ന് കടുത്ത മനോവിഷമം അനുഭവിച്ചിരുന്നതായി അവർ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചിരുന്നതായി പറയുന്നു.
കലക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് കലക്ടറേറ്റിലെ മെയിൻ സെക്ഷനിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയുടെ ഭാഗമായായിരുന്നു മാറ്റമെന്ന് ആരോപണം ഉയരുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം ജില്ലയിൽ മുമ്പെങ്ങുമില്ലാത്ത വിധം അന്യായ സ്ഥലം മാറ്റലാണ് നടന്നത്.










0 comments