കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലിൽ കാണാതായി

കൊല്ലം : ബോട്ടിൽനിന്ന് കായലിൽവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം പാറശാല സ്വദേശി സി കിരണിനെ (28)യാണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രി കാവനാട് അരവിളയിലാണ് സംഭവം. ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ ബോട്ടിനു പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടപ്പാക്കടയിൽ നിന്നുളള സ്കൂബ ടീം എത്തി തിരച്ചിൽ തുടരുകയാണ്.
മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളിയെ വള്ളത്തിൽനിന്ന് കായലിൽ വീണ് കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ പ്രവീണിനെയാണ് കാണാതായത്. എൻജിനോട് ചേർന്നിരിക്കുമ്പോൾ കായലിൽ വീഴുകയായിരുന്നു. തിങ്കൾ വൈകിട്ട് 5.30ന് അഞ്ചുതെങ്ങ് സ്വദേശി ആന്റണി അൽഫോൺസിന്റെ വള്ളത്തിൽനിന്നാണ് വീണത്. മീനുമായി അഴിമുഖം കടന്ന് കായലിൽ പ്രവേശിച്ച് താഴമ്പള്ളി ലേലഹാളിൽ മീനിറക്കിയശേഷം കായലിൽ വള്ളം ഒതുക്കിയിട്ട സമയത്തായിരുന്നു അപകടം. തോമസായിരുന്നു വള്ളം ഓടിച്ചത്. മൂന്ന് പേർകൂടി വള്ളത്തിലുണ്ടായിരുന്നു. ഉടൻ വലവിരിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി.









0 comments