നിലമ്പൂരിൽ പനി ബാധിച്ച് ആദിവാസി ബാലിക മരിച്ചു ; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

നിലമ്പൂർ : മലപ്പുറം കരുളായി പുലിമുണ്ട ഉന്നതിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരി മരിച്ചു. ബാലചന്ദ്രൻ–ലതിക ദമ്പതികളുടെ മകൾ അഖിലയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം. നാലിനാണ് അഖിലയ്ക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതോടെ രാത്രിയില്‍ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് ആറോടെ മൃതദേഹം പുലിമുണ്ട ഉന്നതിയിലെത്തിച്ച് സംസ്കരിച്ചു. അഖിലയുടെ മൂന്ന് വയസുകാരനായ സഹോദരൻ അൻവിനും പനിയും ഛർദിയും ബാധിച്ച് ചികിത്സയിലാണ്.
കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഉന്നതികളിൽ പനി പടർന്നുപിടിച്ചിട്ടും ആരോഗ്യ വകുപ്പ് ഇടപെട്ടില്ലെന്നും നിരവധി പേർക്ക് പനിബാധിച്ചിട്ടും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും വീഴ്ച വരുത്തിയെന്നും ബന്ധുക്കൾ പറയുന്നു. ഉൾവന മേഖലകളിൽ പ്രവർത്തിക്കുന്ന മൊബൈൽ മെഡിക്കൽ സർവീസ് യൂണിറ്റിന്റെ സേവനം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും കുട്ടിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിലും വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.









0 comments