നിർത്താതെ പാഞ്ഞ കാർ, മുകളിൽ അള്ളിപ്പിടിച്ച് പൊലീസ്; 40 കിലോമീറ്റർ നീണ്ട ചേസിനൊടുവിൽ പ്രതികൾ പിടിയിൽ

പ്രതികളെ പിടികൂടാൻ കാറിനു മുകളിൽ കയറിയതിന്റെ ദൃശ്യങ്ങൾ (ഇടത്). വേൽമുരുഗൻ (വലത്)
കോയമ്പത്തൂർ: പൊലീസ് പരിശോധനയ്ക്കിടെ നിർത്താതെ കാറുമായി പാഞ്ഞ ലഹരിക്കടത്തുകാർ. കാറിന്റെ മുകളിൽ ജീവൻ പോലും അപകടത്തിലാക്കി തൂങ്ങിപ്പിടിച്ചിരിക്കുന്ന പൊലീസുകാരൻ. തമിഴ്‌നാട് കോയമ്പത്തൂരിലെ വിളാങ്കുറിച്ചിയിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന യഥാർത്ഥ ചേസിങ് ത്രില്ലർ.
കാറിനുമുകളില്‍ കയറിപ്പറ്റി ലഹരിക്കടത്ത് സംഘത്തെ സാഹസികമായി പിടികൂടിയിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ഹെഡ് കോൺസ്റ്റബിൾ വേൽമുരുഗനാണ് ജീവൻ പോലും പണയം വെച്ച്, അതിവേഗത്തിൽ പാഞ്ഞ കാറിന്റെ മുകളിൽ 40 കിലോമീറ്ററോളം തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത് പ്രതികളെ കുടുക്കിയത്. ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കർണാടക രജിസ്‌ട്രേഷൻ ഹ്യുണ്ടായ് ക്രെറ്റ കാർ നിർത്താതെ അതിവേഗം പാഞ്ഞുപോവുകയായിരുന്നു.
കർണാടക രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിലാണ് 200 കിലോ ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളായ 'ഗുഡ്ക' കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെക്ക്‌പോസ്റ്റിൽ വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല.
സംശയം തോന്നിയ പോലീസുകാർ ബൈക്കിൽ കാറിനെ പിന്തുടർന്നു. ചേസിങ്ങിനിടെ, സാഹസികമായി കാറിന്റെ മുകളിലേക്ക് കയറിപ്പറ്റിയ വേൽമുരുഗൻ റൂഫിൽ മുറുക്കെ പിടിച്ചു. എന്നാൽ വാഹനം നിർത്താൻ ലഹരി സംഘം തയ്യാറായില്ല. കാറിന് മുകളിൽ പൊലീസുകാരനെയും വഹിച്ച് 40 കിലോമീറ്ററോളം വണ്ടി മുന്നോട്ടുപോയി.
തൊട്ടുപിന്നാലെ ബൈക്കിൽ പിന്തുടർന്ന സബ് ഇൻസ്‌പെക്ടർ ഉടൻ തന്നെ കൺട്രോൾ റൂമിലേക്കും ആംബുലൻസ് സർവീസിലേക്കും സന്ദേശമയച്ചു. ഒടുവിൽ കോയമ്പത്തൂർ ജില്ലാ അതിർത്തിയിലെ പെട്രോൾ പമ്പിന് സമീപം വെച്ച് പോലീസ് സംഘം കാർ തടഞ്ഞുനിർത്തുകയായിരുന്നു.
കാറിൽ നിന്ന് 200 കിലോയോളം വരുന്ന 'ഗുഡ്ക' പിടിച്ചെടുത്തു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ആംബുലൻസിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.









0 comments