ad
Deshabhimani

സിഐടിയു ജില്ലാസമ്മേളനത്തിന്‌ ഉജ്വല തുടക്കം

സിഐടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മട്ടന്നൂ‍രിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം മട്ടന്നൂ‍രിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:00 PM | 3 min read

മട്ടന്നൂർ

സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം കവരുന്ന ലേബർകോഡുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടവിളംബരം മുഴക്കി സിഐടിയു ജില്ലാ സമ്മേളനത്തിന്‌ തുടക്കം. ജില്ലാ പ്രസിഡന്റ്‌ സി കൃഷ്‌ണൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമായത്‌. മട്ടന്നൂർ കൈലാസ്‌ ഓഡിറ്റോറിയത്തിലെ എം എം ലോറൻസ്‌ നഗറിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീമാണ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജില്ലാ പ്രസിഡന്റ്‌ സി കൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അരക്കൻ ബാലൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്‌, ടി കെ രാജൻ, ഒ സി ബിന്ദു, നേതാക്കളായ എം വി ജയരാജൻ, ടി വി രാജേഷ്‌, വി കെ സനോജ്‌ എംഎൽഎ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയർമാൻ പി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. എം സുരേന്ദ്രൻ(പ്രമേയം), കെ ധനഞ്‌ജയൻ(ക്രഡൻഷ്യൽ), വി കെ ബാബുരാജ്‌(രജിസ്‌ട്രേഷൻ), എം സി ഹരിദാസൻ(മിനുട്‌സ്‌) എന്നിവർ കൺവീനർമായുള്ള കമ്മിറ്റികളാണ്‌ സമ്മേളന നടപടി നിയന്ത്രിക്കുന്നത്‌. ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന പൊതുസമ്മേളനം എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന നേതാക്കളായ ടി കെ രാജൻ, കെ മനോഹരൻ, ഒ സി ബിന്ദു, ജില്ലാ ട്രഷറർ അരക്കൻ ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, സംഘാടക സമിതി ചെയർമാൻ പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ വി ചന്ദ്രബാബു സ്വാഗതംപറഞ്ഞു. ആയിരക്കണക്കിന്‌ തൊഴിലാളികൾ അണിനിരന്ന പ്രകടനവുമുണ്ടായി. ലേബർകോഡുകൾ ഉൾപ്പെടെയുള്ള മാരണനിയമങ്ങളിലൂടെ തൊഴിൽ അവകാശങ്ങൾ കവരുന്നതിനെതിരെ ജീവൻ നൽകി പ്രതിരോധമുയർത്തുമെന്ന്‌ റാലിയിൽ അണിനിരന്ന തൊഴിലാളി സമൂഹം പ്രഖ്യാപിച്ചു. പ്രതിനിധി സമ്മേളനം തിങ്കൾ വെെകിട്ട് സമാപിക്കും.

ഡൽഹി ചലോ സമരം ജീവന്മരണ പോരാട്ടം: എളമരം കരീം

മട്ടന്നൂർ

ഡിസംബറിൽ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത ഡൽഹി ചലോ സമരം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന തൊഴിലാളി മുന്നേറ്റമാവുമെന്ന്‌ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഇന്ത്യ സമീപകാലത്ത്‌ സാക്ഷ്യം വഹിച്ച കർഷകപ്രക്ഷോഭത്തിന്‌ സമാനമായ ജനകീയ സമരമായി അത്‌ മാറും– എളമരം കരീം പറഞ്ഞു. മട്ടന്നൂർ കൈലാസ്‌ ഓഡിറ്റോറിയത്തിലെ എം എം ലോറൻസ്‌ നഗറിൽ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനവും ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കരീം. ഡിസംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിലാണ്‌ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന സമരം. കേന്ദ്രസർക്കാരിന്റെ ലേബർ കോഡുകൾ ഉൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. തലേന്ന്‌ തന്നെ രാംരീല മൈതാനത്ത്‌ തന്പടിച്ചാണ്‌ തൊഴിലാളികൾ പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്യുക. എവിടെ മാർച്ച്‌ തടയുന്നുവോ അവിടെ കുത്തിയിരുന്ന്‌ മൂന്നുനാൾ തൊഴിലാളികൾ സമരം തുടരും. തൊഴിലാളികളുടെ മ‍ൗലികാവകാശങ്ങളെല്ലാം ചവിട്ടിമെതിക്കുന്പോൾ അത്‌ ചോദ്യം ചെയ്യപ്പെടുമെന്ന്‌ ഇ‍ൗ സമരം സർക്കാരിനെ ബോധ്യപ്പെടുത്തും. ഒരു വർഷം പന്തൽ കെട്ടി കർഷകർ നടത്തിയ സമരത്തിനൊടുവിലാണ്‌ പാർലമെന്റ്‌ പാസാക്കിയ നിയമം ബിജെപി സർക്കാരിന്‌ പിൻവലിക്കേണ്ടി വന്നത്‌. അതൊരു ചരിത്രത്തിന്റെ പിറവിയായിരുന്നു. ഇ‍ൗ സമരങ്ങളുടെ മാതൃക പിന്തുടരുക എന്നല്ലാതെ മറ്റ്‌ മാർഗങ്ങൾ തൊഴിലാളി സമൂഹത്തിന്‌ മുന്നിലില്ല. തൊഴിലാളികളുടെ അവകാശങ്ങളെല്ലാം കവരുന്ന ലേബർകോഡുകൾ കേരളത്തിൽ നടപ്പാക്കില്ലെന്നായിരുന്നു എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ചത്‌. സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അക്കാര്യം സംശയരഹിതമായി വ്യക്തമാക്കി. ഗോപാൽഗ‍ൗഡ കമീഷനെ നിയോഗിച്ച്‌ നിയമവശങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ ചുമതലപ്പെടുത്തുകയുമുണ്ടായി. പുതിയ സർക്കാരിന്‌ ലേബർ കോഡ്‌ നടപ്പാക്കാനാണ്‌ താൽപര്യം. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അതാണ്‌ സംഭവിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.

ഡൽഹി പ്രക്ഷോഭത്തിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണം

മട്ടന്നൂർ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ സിഐടിയു രാജ്യതലസ്ഥാനത്ത്​ ഡിസംബർ ഒന്ന്​, രണ്ട്​ തീയതികളിൽ സംഘടിപ്പിക്കുന്ന തൊഴിലാളി പ്രക്ഷോഭത്തിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന്​ സിഐടിയു ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 42,000 രൂപ നിയമപരമായി അംഗീകരിക്കുക, സ്കീം തൊഴിലാളികളെ സ്ഥിര ജീവനക്കാരായി അംഗീകരിച്ച്​ അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ രാജ്യ തലസ്ഥാനത്ത്​ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home