യുപിഐ ഇടപാടുകൾക്ക് ഫീസ്; ഇടക്കാല സ്റ്റേയില്ല, കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി : രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെയുള്ള ഹർജിയിൽ ഇടക്കാല സ്റ്റേ നൽകാതെ സുപ്രീംകോടതി. സ്റ്റേ നൽകാൻ വിസമ്മതിച്ച കോടതി ചാർജ് ഏർപ്പെടുത്താനുള്ള നിയമപരവും ഭരണപരവുമായ അടിസ്ഥാനമെന്താണെന്ന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും എൻപിസിഐയോടും വിശദീകരണം തേടി. നാല് ആഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം വിശദീകരിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നിർദേശം.
2000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) എന്ന പേരിൽ നികുതി ഏർപ്പെടുത്താനാണ് കേന്ദ്ര നീക്കം. എംഡിആർ നികുതിയോ ഫീസോ അല്ലെന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിച്ച ജസ്റ്റിസ് ബാഗ്ചി വ്യാപാരിക്ക് ലഭിക്കുന്ന തുകയിൽ നിന്ന് ഇത് ഈടാക്കാനുള്ള ഭരണപരവും നിയമപരവുമായ അടിസ്ഥാനം എന്താണെന്നും ഏത് സേവനത്തിനാണ് തുകയെന്നും ചോദിച്ചു.
പുതിയ സംവിധാനത്തിൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾ തുകയെത്രയായാലും സൗജന്യമായി തുടരും. വ്യാപാരികൾക്കുള്ള 2,000 രൂപ വരെയുള്ള യുപിഐ പേയ്‌മെന്റുകളും ചെറുകിട വ്യാപാരികൾക്ക് ലഭിക്കുന്ന ചില ഇടപാടുകളും സീറോ എംഡിആർ പരിധിയിൽ തുടരും. 2,000ന് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് സാധാരണ 0.4 ശതമാനമാണ് എംഡിആർ. നിരക്ക് ഈടാക്കുന്നത് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.









0 comments