കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അപ്രതീക്ഷിതമായി കടൽ കയറിയതോടെ ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിൽ ആശങ്ക. ഇന്നലെ വൈകിട്ടോടെ പുറക്കാട് മേഖലയിൽ അതിശക്തമായ തിരമാലകളാണ് രൂപപ്പെട്ടത്. കടൽക്ഷോഭത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച് രക്ഷപ്പെട്ടു.
തോട്ടപ്പള്ളി, പുറക്കാട്, ആനന്ദേശ്വരം, പറവൂർ, ഗലീലിയ, തുമ്പോളി തുടങ്ങിയ തീരപ്രദേശങ്ങളിൽ നിന്ന് കടലിൽ പോയ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ശക്തമായ തിരമാലകളിൽപ്പെട്ടത്. കൂറ്റൻ തിരമാലകൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ വള്ളങ്ങൾ കരയ്ക്കടുപ്പിക്കുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ചാണ് ചിലർ മത്സ്യബന്ധനത്തിന് പോയതെന്നാണ് വിവരം.
അതേസമയം, മുന്നറിയിപ്പ് നിലനിന്നിട്ടും തോട്ടപ്പള്ളി തീരദേശ പൊലീസ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു. തീരദേശ മേഖലയെക്കുറിച്ച് മതിയായ പരിചയമില്ലാത്ത ചില ഉദ്യോഗസ്ഥർ ചുമതലയേറ്റതോടെ കടലിൽ പോകുന്ന തൊഴിലാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നും സംഘടനകൾ പരാതിപ്പെട്ടു









0 comments