ഹോംസ്റ്റേയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി പിതാവ്

ഗുവാഹത്തി: ഗുവാഹത്തി സർവകലാശാലയിലെ 22കാരിയായ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി പിതാവ്. നഗരത്തിലെ ഹോംസ്റ്റേയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർഥിനി പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടോടെ മകൾ അമ്മയെ ഫോണിൽ വിളിച്ച് തന്നെ മർദിച്ചെന്നും നെഞ്ചിൽ ചവിട്ടിയതിനെ തുടർന്ന് ശ്വാസംമുട്ടുന്നതായും അറിയിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. മുറിക്കുള്ളിലുള്ളവർ വാതിൽ പൂട്ടി തന്നെ ആക്രമിക്കുകയാണെന്നും മകൾ പറഞ്ഞതായി അദ്ദേഹം പറഞ്ഞു .
തുടർന്ന് കുടുംബം മകളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചപ്പോൾ രണ്ട് വ്യത്യസ്ത പുരുഷന്മാർ ഫോൺ എടുത്തതായും വ്യത്യസ്ത സ്ഥലങ്ങൾ പറഞ്ഞതായും പിതാവ് വ്യക്തമാക്കി. പിന്നീട് പൊലീസിന്റെ സഹായത്തോടെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ മകളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മകളുടെ ശരീരത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടതായും ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പിതാവ് പറഞ്ഞു . എന്നാൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയുടെ പുരുഷ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്തതായുള്ള മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.









0 comments