ഖനനത്തിന് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി എടുത്ത് കളയാൻ കേന്ദ്രം; പുതിയ ബില്ല് മാഫിയകളെ സഹായിക്കാൻ

ന്യൂഡല്‍ഹി: ഖനനം ചെയ്യുന്നതിന് സംസ്ഥാനങ്ങൾ നികുതിയോ മറ്റ് രീതിയിലുള്ള ലെവിയോ ചുമത്തുന്നത് അവസാനപ്പിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച്ച സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തിക ബാധ്യത ഖനന മേഖലയിലുണ്ടാകാതിരിക്കാനും ഖനനം കൂടുതൽ സുസ്ഥിരമാക്കാനുമാണ് പുതിയ ബില്ല് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 2026-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്ലിലൂടെ, 1957-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ധാതുസമ്പത്ത് അടങ്ങിയിരിക്കുന്ന ഭൂമികളുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നു.
എംഎംഡിആർ നിയമത്തിൽ പുതിയ 9D വകുപ്പ് ഉൾപ്പെടുത്തുന്നതാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ വകുപ്പ് പ്രകാരം, ധാതു അവകാശങ്ങൾക്കോ ധാതുസമ്പുഷ്ടമായ ഭൂമികൾക്കോ മേൽ, ധാതുക്കളുടെ അളവ്, ധാതുക്കളുടെ മൂല്യം, റോയൽറ്റി എന്നിവയുടെ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും അടിസ്ഥാനത്തിലോ, ഏത് പേരിലായാലും നികുതി, സെസ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ചുമതലകൾ സംസ്ഥാന സർക്കാരിന് ഏർപ്പെടുത്താൻ പാടില്ല. എന്നാൽ, കേന്ദ്ര സർക്കാർ നിർദേശിക്കുന്ന നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി മാത്രമേ അത്തരം നികുതിയോ ചുമതലയോ ഏർപ്പെടുത്താൻ കഴിയൂ എന്നും ബിൽ വ്യക്തമാക്കുന്നു.
ധാതുക്കൾക്കും ധാതുസമ്പുഷ്ടമായ ഭൂമിക്കും സ്വതന്ത്രമായി നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം സുപ്രീം കോടതി ശരിവെച്ചതിന് രണ്ട് വർഷത്തിലേറെ കഴിഞ്ഞാണ് ഈ നിർദേശം വന്നിരിക്കുന്നത്. ധാതുക്കൾക്ക് കേന്ദ്ര സർക്കാരിന് നൽകുന്ന റോയൽറ്റി നികുതിയല്ലെന്ന് വ്യക്തമാക്കിയായിരുന്നു അന്നത്തെ സുപ്രീം കോടതി വിധി. സർക്കാർ പറയുന്നതനുസരിച്ച്, ഖനന പ്രവർത്തനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും നിക്ഷേപങ്ങൾക്ക് അവയെ വാണിജ്യപരമായി ആകർഷകമാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം.
അതേസമയം, ഖനന രംഗത്തെ കുത്തകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ് ബില്ല് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ഖനന രംഗത്ത് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണെന്ന് വിശദീകരിക്കുന്ന ബിൽ ഖനന രംഗത്തെ ഭീമൻമാർക്ക് കൂടുതൽ പണം സമ്പാദിക്കാൻ വഴിവെയ്ക്കുന്നു. കുത്തകകൾക്ക് ഒരു നിയന്ത്രണവും ഉണ്ടാകാത്ത വിധം സ്വതന്ത്രമായി ഖനനനം തുടരാനുള്ള വഴി കൂടിയാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്










0 comments