print edition ‘ചില സമുദായങ്ങളിൽ സന്താനോൽപ്പാദനം കൂടുതൽ’ ; വിദ്വേഷം ചൊരിഞ്ഞ് ആർഎസ്‌എസ്

ന്യൂഡൽഹി
ജനസംഖ്യയിലെ ‘അസന്തുലിതാവസ്ഥ’ പരിഹരിക്കാൻ ജനസംഖ്യാനയം ഉടൻ നടപ്പാക്കണമെന്ന് ആർഎസ്‌എസിലെ രണ്ടാമൻ എന്നറിയപ്പെടുന്ന ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കാലതാമസം അരുതെന്നും എത്രയും വേഗം നടപ്പാക്കിയാൽ അത്രയും നേട്ടമാണെന്നും ഹൊസബലെ ജബൽപുരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചില സമുദായങ്ങൾ ഉയർന്ന തോതിൽ സന്താനോൽപ്പാദനം നടത്തുകയാണെന്ന് ഹൊസബലെ വിദ്വേഷം ചൊരിഞ്ഞു. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ, മതപരിവർത്തനം, ചില സമുദായങ്ങളിലെ ഉയർന്ന സന്താനോൽപ്പാദനം എന്നിവയാണ് ജനസംഖ്യയിലെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണം. ജനസംഖ്യാ നിയന്ത്രണം സർക്കാരിന്റെ ജോലിയാണെന്നും ഹൊസബലെ പറഞ്ഞു.
ആർഎസ്‌എസ് വാദം പൊള്ള
മുസ്ലിം ജനസംഖ്യ വൻതോതിൽ വർധിക്കുന്നുവെന്നും അത് രാജ്യത്തിന്റെ സമുദായിക സമവാക്യങ്ങൾ മാറ്റിമറിക്കുമെന്നുമുള്ള ആർഎസ്‌എസ് വാദം പൊള്ളയാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. രാജ്യത്തെ മുസ്ലിം ജനനനിരക്ക് മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. 2022ലെ ദേശീയ കുടുംബാരോഗ്യ സർവെ റിപ്പോർട്ട് പ്രകാരം മുസ്ലിം ശിശുക്കളുടെ എണ്ണം 4.41ൽ നിന്ന് 2.36 ശതമാനമായി കുറഞ്ഞു. ജനസംഖ്യയുടെ 79.80 ശതമാനമാണ് ഹിന്ദുക്കൾ. മുസ്ലിങ്ങൾ 14.23 ശതമാനവും.









0 comments