അഞ്ച് ദിവസത്തിനകം 12 ആൾക്കൂട്ട ആക്രമണം
ജാര്‍ഖണ്ഡിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു

പാലമു: ജാർഖണ്ഡിലെ പാലമു ജില്ലയിലെ തെലിയാഹി ഗ്രാമത്തിൽ ട്രാക്ടർ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പവൻ റാം (22)എന്ന ദളിത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. യുവാവിനെ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു.
പോലീസ് സ്ഥലത്തെത്തി അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. നാട്ടുകാര്‍ പറഞ്ഞ ബാറ്ററിയോ വാഹനമോ അന്വേഷകര്‍ക്ക് കണ്ടെത്താനായില്ല.
മോഷണ നടത്താൻ ശ്രമിച്ചത് കെട്ടുകഥയാണെന്നും യുവാവ് ഒരു പെൺകുട്ടിയെ കാണാൻ വന്നതിലുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി അറിയിച്ചു.
ആൾക്കൂട്ട ആക്രമണങ്ങൾ പതിവാകുന്നു
ജാർഖണ്ഡിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ജംഷഡ്‌പൂർ, റാഞ്ചി, ധൻബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലായി 12-ഓളം ഇത്തരത്തിലുള്ള ആൾക്കൂട്ട അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
കഴിഞ്ഞ ദിവസം ചത്ര ജില്ലയിലെ പിപർവാറിൽ കുട്ടികളെ മോഷ്ടിക്കാൻ വന്നതാണെന്ന് ആരോപിച്ച് ഒരാളെ ആൾക്കൂട്ടം അടിച്ചു കൊന്നു. എന്നാൽ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും തട്ടിക്കൊണ്ടുപോകലുമായി യാതൊരു ബന്ധവുമില്ലെന്നും പിന്നീട് പൊലീസ് കണ്ടെത്തി. ജനുവരി ആദ്യ വാരം ഗോദ്ദ ജില്ലയിൽ കാലിമോഷണം ആരോപിച്ച് ഒരു യുവാവിനെ തല്ലിക്കൊന്നിരുന്നു.
ഇത്തരത്തിൽ ആക്രമണങ്ങൾക്ക് ഇരയാവുന്നത് അധികവും ദളിത് വിഭാങ്ങളിൽ നിന്നുള്ളവരും ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരുമാണെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. പൊലീസ് അന്വേഷണം കേസുകളിൽ അവസാനിക്കയാണ് പതിവ്. വൻ തോതിൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ അവിശ്വാസവും അസ്വസ്ഥതയും ഭിന്നതയും വളര്‍ത്തുന്ന സാഹചര്യമാണ്.










0 comments